പത്തനാപുരത്ത് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയ കന്യാസ്ത്രീയുടെ മരണം ആത്മഹത്യയാകാമെന്ന് കോണ്‍വെന്റ് അധികൃതര്‍ മൊഴി നല്കി. മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റ് അധികൃതരാണ് ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ മഠത്തിലുളളവരുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സാഹചര്യ തെളിവുകള്‍ കൊലപാതകത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കന്യാസ്ത്രീയുടെ മരണം സംബന്ധിച്ച് മഠം അധികാരികള്‍ നല്കുന്ന മൊഴി ഇങ്ങനെ; സിസ്റ്റര്‍ സൂസന് മാത്യുവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. കന്യാസ്ത്രീ രണ്ട് ആഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പ്രാര്‍ത്ഥനയ്ക്ക് വിളിച്ചപ്പോള്‍ സിസ്റ്റര്‍ സൂസന് വരാന്‍ തയ്യാറിയില്ലെന്നും പിന്നീട് പ്രാര്‍ത്ഥന കഴിഞ്ഞ് വന്നപ്പോളാണ് മൃതദേഹം കണ്ടതെന്നുമാണ് മൊഴി.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കന്യാസ്ത്രീയുടെ മൃതദേഹം കണ്ടത്. കോണ്‍വെന്റിനോട് ചേര്‍ന്ന കിണറിന് സമീപത്ത് രക്തപ്പാടുകള്‍ കണ്ട ജീവനക്കാര്‍ കിണറ്റില്‍ നോക്കിയപ്പോളാണ് കിണറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി പരിശോധിച്ച ശേഷമാണ് മൃതദേഹം സിസ്റ്റര്‍ സൂസന്റേതാണെന്ന് ഉറപ്പിച്ചത്. പിന്നീട് കിണറിന്റെ സമീപത്ത് നടത്തിയ പരിശോധനയില്‍ രക്തപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. മുടി മുറിച്ച നിലയിലായിരുന്നു മൃതദേഹം. അതേസമയം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയു എന്ന് പോലീസ് പറഞ്ഞു. വിവാദങ്ങളുണ്ടാകാതെ അത്യന്തം ശ്രദ്ധയോടെ കേസ് കൈകാര്യം ചെയ്യാണമെന്ന് പോലീസ് സംഘത്തിന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.