കൊല്ലം: ഓര്‍ത്തഡോക്സ് സഭയിലെ പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു വൈദികന് കീഴടങ്ങി. രണ്ടാം പ്രതി ഫാ.ജോബ് മാത്യുവാണ് കീഴടങ്ങിയത്. കൊല്ലം ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതോടെയാണ് അന്വേഷണചുമതലയുള്ള ഡിവൈഎസ്പി ജോസി കെ ചെറിയാന് മുന്നിലെത്തി വൈദികന് കീഴടങ്ങിയത്.
കേസില്‍ പ്രതികളായ മൂന്നു വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസ്, രണ്ടാംപ്രതി ഫാ. ജോബ് മാത്യു, നാലാം പ്രതി ഫാ. ജെയ്സ് കെ. ജോര്‍ജ് എന്നിവരുടെ ഹര്‍ജികളാണു തള്ളിയത്. മൂന്നാം പ്രതി ഫാ. ജോണ്സണ് വി. മാത്യു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പിന്നീടു പറയും.
അതേസമയം കോടതിക്കു മുന്നില്‍ കീഴടങ്ങി പോലീസ് കസ്റ്റഡിയില്‍ പോകുന്നത് ഒഴിവാക്കാനാണ് മറ്റ് പ്രതികളുടെ നീക്കമെന്നാണ് സൂചന. എന്നാല്‍ ഇത് തടയാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദില്ലിയിലുള്ള മൂന്നാം പ്രതി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കുമ്പസാര രഹസ്യം ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചു എന്നതാണ് നാല് വൈദികര്ക്കുമെതിരെയുളള കുറ്റം. കേസിലെ ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ് യുവതിയെ പതിനാറാമത്തെ വയസില്‍ പീഡിപ്പിച്ച കാര്യം വിവാഹ ശേഷം ഫാദര്‍ ജോബ് മാത്യുവിനോട് നടത്തിയ കുമ്പസാരത്തില്‍ യുവതി പറഞ്ഞിരുന്നു. ഇക്കാര്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജോബ് മാത്യു യുവതിയെ പീഡിപ്പിച്ചത്. അതേസമയം പോലീസ് അന്വേഷണം ശക്തമാക്കിയതോടെ സമ്മര്‍ദ്ദത്തിലായ പ്രതികള്‍ ഉടന്‍ തന്നെ കീഴടങ്ങിയേക്കുമെന്നാണ് സൂചന.