കൊല്ലം : കൊല്ലത്ത് 14 കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മണ്ണെണ്ണ ഒഴിച്ചാണ് ജിത്തുവിന്റെ മൃതദേഹം കത്തിച്ചതെന്ന് അമ്മ ജയ പറഞ്ഞു. അയല്‍പ്പക്കത്തെ വീട്ടില്‍ നിന്നും മണ്ണെണ്ണ വാങ്ങി വീടിന്റെ പുറക് വശത്ത് വെച്ച് മണ്ണെണ്ണയും ചൂട്ടും ഉപയോഗിച്ച് മൃതദേഹം കത്തിക്കുകയായിരുന്നു.
ശേഷം അരമതിലിലൂടെ മൃതദേഹം വലിച്ച് കൊണ്ട് പോയി. വൈകീട്ട് ആറ് മണിക്ക് ശേഷമാണ് കൃത്യം നടത്തിയതെന്നും ജയ പൊലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ ജിത്തുവിന്റെ അമ്മ ജയക്ക് മാനസിക രോഗമുണ്ടെന്ന് ജിത്തുവിന്റെ അച്ഛന് ജോബ് പറഞ്ഞു. ഒരു വര്‍ഷം മുമ്പ് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിരുന്നതായും, ഇവരെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയതാണെന്നും ജോബ് പറഞ്ഞു.
രണ്ട് ദിവസം മുമ്പ് കാണാതായ പതിനാലുകാരന് ജിത്തു ജോബിന്റെ മൃതദേഹം ഇന്നലെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. കത്തിക്കരിഞ്ഞ് വികൃതമായ നിലയിലായിരുന്നു മൃതദേഹം. കൈകളും കാലുകളും വെട്ടിമാറ്റിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജിത്തുവിന്റെ അമ്മ ജയയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൃതദേഹം കിടക്കുന്ന പറമ്പിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.