നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരായി പൊലീസ് കുറ്റപത്രം രണ്ടു ദിവസത്തിനകം നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണസംഘം കൈമാറിയ കുറ്റപത്രത്തിന്റെ കരട് ബെഹ്റ പരിശോധിച്ചു വരികയാണ്. ഗൂഢാലോചനയാണു ദിലീപിനെതിരായ കുറ്റം.
സംഭവവുമായി നേരിട്ടു ബന്ധമുള്ള പള്‍സര്‍ സുനി അടക്കം ആറു പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനാല്‍ ദിലീപ് ഏഴാം പ്രതിയാകുമെന്നാണു സൂചന. ചില സാങ്കേതിക കാര്യങ്ങള്‍ കൂടി പരിഹരിക്കാനുണ്ടെന്നും അതിനാലാണു കുറ്റപത്രം നല്കാന് വൈകുന്നതെന്നും ബെഹ്റ പറഞ്ഞു. പൊലീസിനു നല്കിയ മൊഴി ചില സാക്ഷികള്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞിരുന്നു. അതാണ് അന്വേഷണസംഘത്തെ വട്ടം കറക്കുന്നത്. ഇതില്‍ സ്വീകരിക്കേണ്ട നിലപാടുകൂടി തീരുമാനിച്ചിട്ടാകും കുറ്റപത്രം നല്‍കുക.