ബാഴ്സലോണയ്ക്കെതിരെ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡിന് കിരീടം. സാന്റിയാഗൊ ബെര്ണാവ്യൂവില് നടന്ന രണ്ടാം പാദ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ കിരീടത്തില്‍ മുത്തമിട്ടത്.ഇതോടെ ഇരട്ടക്കിരീടങ്ങളുമായാണ് റയല്‍ ലാ ലിഗ പുതിയ സീസണ് തുടക്കം കുറിച്ചിരിക്കുന്നത്.
എതിരില്ലാത്ത രണ്ട് ഗോള്‍ നേടിയ സിദാന്റെ സംഘത്തിന് ഇരുപാദങ്ങളിലുമായി 5-1നാണ് കിരീട നേട്ടം. കഴിഞ്ഞാഴ്ച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് യുവേഫ സൂപ്പര്‍ കപ്പും റയല്‍ നേടിയിരുന്നു.
3-1ന്റെ ആദ്യ പാദ ലീഡുമായി കളത്തിലിറങ്ങിയ റയല്‍ നാലാം മിനിറ്റില്‍ തന്നെ ബാഴ്സയെ ഞെട്ടിച്ചു. പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്ന് അസന്‍സിയോ തൊടുത്ത ഇടങ്കലാന് ഷോട്ട് ബാഴ്സ ഗോളിയെ മറികടന്ന് വലയിലെത്തി. ആദ്യ പാദത്തിലും അസന്‍സിയോ ഗോള്‍ നേടിയിരുന്നു. 39ാം മിനിറ്റില്‍ ഇടതു വിങ്ങില്‍ നിന്നും മാര്‍സേലോ നല്കിയ ക്രോസില്‍ നിന്നായിരുന്നു റയലിന്റെ രണ്ടാം ഗോള്‍ പിറന്നത്.