നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ തിയേറ്ററുകളിലേക്ക്.മാര്‍ച്ച് പത്തിനാണ് സിനിമയുടെ റിലീസ്. നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫനാണ് സിനിമയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘എല്ലാ തടസങ്ങളും മാറ്റികൊണ്ട് തുറമുഖം എത്തുന്നു. മാര്‍ച്ച് 10 മുതല്‍ മാജിക് ഫ്രെയിംസ് തിയേറ്ററുകളില്‍ എത്തുന്നു’ എന്ന് സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ലിസ്റ്റിന് ഫെയ്സ്ബുക്കില്‍ കുറിച്ചു. 2021 മെയ് മാസം സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് കാരണം റിലീസ് തീയതി നീട്ടി. പിന്നീട്ട് പല തവണ റിലീസ് തീയതി പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക തകരാറു മൂലം വീണ്ടും റിലീസ് തീയതി മാറ്റിവെക്കുകയായിരുന്നു.
ചിത്രത്തില്‍ മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവില്‍ പോളി അവതരിപ്പിക്കുന്നത്. പല ലുക്കില്‍ നിവിന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി ചിത്രത്തില്‍ പുനരാവിഷ്കരിച്ചിട്ടുണ്ട്. നിവിനെ കൂടാതെ ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, തുടങ്ങിയ വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗോപന് ചിദംബരമാണ്.