മലയാളത്തിലെ മറ്റു സിനിമകളിലും ഇത്തരം രംഗങ്ങള്‍ കാണിക്കുന്നുണ്ടെന്നും തന്നെ മനഃപൂര്‍വം ലക്ഷ്യം വക്കുകയാണെന്നുമാണ് സംവിധായകന് പറയുന്നത്. എംഡിഎംഎയെ പ്രോത്സാഹിപ്പിക്കാന്‍ ചെയ്ത സിനിമയല്ലെന്നും ഒമര്‍ വ്യക്തമാക്കി.
എംഡിഎംഎയെ പ്രോത്സാഹിപ്പിക്കാന്‍ ചെയ്ത സിനിമയല്ല ഇത്. സമൂഹത്തില്‍ നടക്കുന്ന കാഴ്ചയായാണ് അതിനെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ ദിവസം പത്രത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വരാറുണ്ട്. ഇത്ര ഗ്രാം പിടിച്ചു എന്നു പറഞ്ഞ്. മാത്രമല്ല ഞങ്ങളുടെ സിനിമയില്‍ മാത്രമല്ല ഇത് ആദ്യം കാണിക്കുന്നത്. ഇതിനു മുമ്ബിറങ്ങിയ സിനിമകളിലും ഇത്തരം രംഗങ്ങള്‍ ഉണ്ടായിരുന്നു. ഈ അടുത്തിറങ്ങിയ ഭീഷ്മപര്‍വത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്. അവര്‍ക്കെതിരെ കേസ് വന്നില്ലല്ലോ? എനിക്കെതിരെ മനഃപൂര്‍വം ടാര്‍ഗറ്റ് ചെയ്യുന്നതുപോലെ തോന്നുന്നു. ഇവിടെ കോടതിയുണ്ടല്ലോ, കോടതിയില്‍ വിശ്വാസമുണ്ട്.- ഒമര്‍ ലുലു പറഞ്ഞു. ഇതുവരെ എക്സൈസില്‍ നിന്നും നോട്ടീസ് കിട്ടിയിട്ടില്ലെന്നും വാര്‍ത്ത സത്യമാണോ എന്നുപോലും അറിയില്ലെന്നും വ്യക്തമാക്കി.
സെന്‍സര്‍ ബോര്‍ഡ് കണ്ടതിനു ശേഷം ഡ്രഗിന്റെ കണ്ടന്റ് ഉള്ളതുകൊണ്ടാണ് എ സര്‍ട്ടിഫിക്കറ്റ് തന്നതെന്നാണ് സംവിധായകന് പറയുന്നത്. സിനിമ സ്റ്റേ ചെയ്യണം എന്നു പറഞ്ഞും പരാതി ഉണ്ടെന്ന് കേള്‍ക്കുന്നുണ്ട്. എന്റെ സിനിമയ്ക്കെതിരെ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ എന്നറിയില്ലെന്നും ഒമര്‍ പറഞ്ഞു. ഇടുക്കി ഗോള്‍ഡ്, ഹണി ബീ എന്നീ സിനിമകള്‍ വന്നെങ്കിലും അതിനൊന്നും എതിരെ കേസെടുക്കാതെ തന്നെ മാത്രം ലക്ഷ്യം വെക്കുകയാണ് എന്നാണ് ഒമര്‍ പറഞ്ഞത്.
സിനിമയുടെ ട്രെയിലറില്‍ എംഡിഎംഎയുടെ ഉപയോഗം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്തെന്ന പരാതിയിലാണ് കോഴിക്കോട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സുധാകരന് കേസെടുത്തത്. എന്‍ഡിപിഎസ്, അബ്കാരി നിയമങ്ങളാണ് ഒമറിനെതിരെ ചുമത്തിയത്. ഇര്‍ഷാദിനെ നായകനാക്കി ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നല്ല സമയം. എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരിക്കുന്നത്.