Breaking News

‘പച്ച കലര്‍ന്ന ചുവപ്പ്,നിര്‍ണായക വെളിപ്പെടുത്തലുകളുള്‍പ്പെടുത്തി ജലീൽ പുസ്തകമെഴുതുന്നു

മലപ്പുറം:നിര്‍ണായക വെളിപ്പെടുത്തലുകളുള്‍പ്പെടുത്തി പുസ്തകമിറക്കാനൊരുങ്ങി കെടി ജലീല്‍ എംഎല്‍എ. പച്ച കലര്‍ന്ന ചുവപ്പ് എന്ന പേരിലാണ് പുസ്തകം പുറത്തിറക്കുന്നത്.സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണവും തനിക്കെതിരായ ലോകായുക്തയുടെ നീക്കങ്ങളും പുസ്തകത്തില്‍ പറയുന്നുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുന്‍കാല ചരിത്രം വിവരിക്കുന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും തന്റെ പുസ്തകത്തിലുണ്ടെന്നും കെടി ജലീല്‍ വ്യക്തമാക്കി.

2006ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പിലെ വിജയവും പച്ച കലര്‍ന്ന ചുവപ്പില്‍ വിശദമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് നേരിടേണ്ടി വന്ന ലീഗ്,മാധ്യമ വേട്ടയേയും കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ടെന്നും ജലീല്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുമായുളള അകല്‍ച്ചയും മുഖ്യമന്ത്രിയുമായുളള അടുപ്പവും പുസ്തകത്തില്‍ പറയുന്നുണ്ട്. അരനൂറ്റാണ്ടിലുളള തന്റെ ജീവിതം പുസ്തകത്തിലൂടെ വ്യക്തമാക്കുന്നുണ്ടെന്നും കെ ടി ജലീല്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ട മുഖം, ലീഗില്‍ നിന്നുള്ള പുറത്താക്കപ്പെടല്‍, മന്ത്രിയായിരിക്കെ സിപിഐഎം നേതൃത്വം കാണിച്ച ഉദാര സമീപനം, ലീഗിലെ നേതാക്കളുമായും പ്രവര്‍ത്തകരുമായും ഇപ്പോഴും തുടരുന്ന ആത്മ ബന്ധം, കുഞ്ഞാലിക്കുട്ടിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസം, ഇകെ എപി സുന്നി വിഭാഗങ്ങളുമായുള്ള ആത്മ ബന്ധം, തനിക്കെതിരായ ഇഡിയുടേയും എന്‍ഐഎയുടേയും അന്വേഷണ പരമ്ബരയും, തുടങ്ങിയ കാര്യങ്ങള്‍ പുസ്തകത്തിലൂടെ വിശദമാക്കുന്നുണ്ടെന്നും ജലീല്‍ വ്യക്തമാക്കി. രചനയുടെ കാല്‍ഭാഗം പൂര്‍ത്തിയായിട്ടുണ്ട് ഒരു വര്‍ഷത്തിനുളളില്‍ പുസ്തകം എഴുതി പൂര്‍ത്തിയാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.

പച്ച കലര്‍ന്ന ചുവപ്പ് (അരനൂറ്റാണ്ടിന്‍്റെ കഥ) ————— ഡോ. കെടിജലീല്‍ ————–

സ്വര്‍ണ്ണക്കടത്ത് വിവാദം, ED, NIA, കസ്റ്റംസ് തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണ പരമ്ബര, UAE കോണ്‍സുലേറ്റുമായുള്ള ബന്ധം, ലീഗു രാഷ്ട്രീയത്തിന്‍്റെ രണ്ടു മുഖങ്ങള്‍, മുസ്ലിം സമുദായ സംഘടനകളുടെ നിലപാടുകള്‍, യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറിയായിരിക്കെയുള്ള അനുഭവങ്ങള്‍, ലോകായുക്തയെ കേന്ദ്രീകരിച്ച്‌ നടന്ന ഗൂഢാലോചന, ജസ്റ്റിസ് സിറിയക് ജോസഫിന്‍്റെ മുന്‍കാല ചരിതം തേടിയുള്ള അന്വേഷണം, അതില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍, കുഞ്ഞാലിക്കുട്ടിയുമായുള്ള അടുപ്പവും അകല്‍ച്ചയും, ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ട മുഖം, ശിഹാബ് തങ്ങളുടെ കുലീനത്വം, പിണറായിയുമായുള്ള സൗഹൃദം, കൊരമ്ബയില്‍ അഹമ്മദാജിയോടുള്ള കടപ്പാട്, ലീഗിലെ നേതാക്കളുമായും പ്രവര്‍ത്തകരുമായും ഇപ്പോഴും തുടരുന്ന ആത്മ ബന്ധം, കുഞ്ഞാലിക്കുട്ടിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസം, ലീഗില്‍ നിന്നുള്ള പുറത്താക്കപ്പെടല്‍, 2006 ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പ്, ഇടതുപക്ഷ സഹയാത്രികന്‍, സിപിഎം ജാഥാനുഭവങ്ങള്‍, മന്ത്രിലബ്ധി, ബന്ധു നിയമന വിവാദത്തിന്‍്റെ പിന്നാമ്ബുറങ്ങള്‍, പാലൊളി മുഹമ്മദ് കുട്ടി എന്ന കറകളഞ്ഞ സഖാവിന്‍്റെ സാമീപ്യം, മന്ത്രിയായിരിക്കെ CPM നേതൃത്വം കാണിച്ച ഉദാര സമീപനം, മുഖ്യമന്ത്രിയുടെ കലവറയില്ലാത്ത പിന്തുണ, ഇകെ എപി സുന്നി വിഭാഗങ്ങളുമായുള്ള ആത്മ ബന്ധം, മതബോധമുള്ള മുസ്ലിങ്ങള്‍ ഇടതുപക്ഷത്തോട് അടുത്ത സമകാലിക അനുഭവങ്ങള്‍, സാധാരണ മുസ്ലിം ജനവിഭാഗങ്ങളില്‍ പിണറായിക്ക് ലഭിച്ച സ്വീകാര്യത, ലീഗ് സൈബര്‍ ആക്രമണത്തെ സധൈര്യം നേരിട്ട കഥ, കുടുംബം, പഠനം, അദ്ധ്യാപകര്‍, ചങ്ങാത്തങ്ങള്‍, മാധ്യമ വേട്ട, ഇവയെല്ലാം വിഷയീഭവിക്കുന്ന പുസ്തകമാകും “പച്ച കലര്‍ന്ന ചുവപ്പ്”. രചനയുടെ കാല്‍ഭാഗം പൂര്‍ത്തിയായി. ഒരു വര്‍ഷത്തിനുള്ളില്‍ എഴുത്ത് പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കാനാകും എന്നാണ് പ്രതീക്ഷ.

—– എഴുതിത്തുടങ്ങിയ പുസ്തകത്തിലെ പ്രഥമ അധ്യായത്തിലെ ആദ്യ ഭാഗം താഴെ ചേര്‍ക്കുന്നു. ———

——— പച്ച കലര്‍ന്ന ചുവപ്പ് (അരനൂറ്റാണ്ടിന്‍്റെ കഥ)——————-

1921 ല്‍ ഒരുപാട് ശിഷ്യഗണങ്ങളുള്ള വളപുരം സ്വദേശി കുഞ്ഞുണ്ണീന്‍ മുസ്ല്യാര്‍ എന്ന സൂഫിയെ ബ്രിട്ടീഷ് പട്ടാളം പിടികൂടി പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. പാവപ്പെട്ട മാപ്പിള കുടിയാന്‍മാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കണ്ട് മനസ്സ് ചത്ത മുസ്ല്യാര്‍ അനുയായികളെ പോരാട്ടത്തിന് പ്രേരിപ്പിക്കുന്നു എന്ന കുറ്റത്തിനായിരുന്നു അറസ്റ്റ്. വാര്‍ത്ത കമ്ബിയില്ലാക്കമ്ബിയായി നാട്ടില്‍ പ്രചരിച്ചു. വിവരമറിഞ്ഞ് പുലാമന്തോളിനടുത്ത കുരുവമ്ബലത്ത് ആളുകള്‍ കൂട്ടംകൂടി. നിജസ്ഥിതി മനസ്സിലാക്കാന്‍ അവര്‍ തക്ബീര്‍ മുഴക്കി പെരിന്തല്‍മണ്ണയിലേക്ക് മാര്‍ച്ച്‌ ചെയ്തു. കുഞ്ഞുണ്ണീന്‍ മുസ്ല്യാരെ ബന്ധനസ്ഥനാക്കി നിര്‍ത്തിയിരുന്ന ഹജൂര്‍ കച്ചേരിക്ക് മുന്നില്‍ അവരെത്തി. കേട്ടറിഞ്ഞ് കൂടെക്കൂടിയവരെല്ലാം കൂടി ഒരു വലിയ ജനക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ച്‌ കൂടി ബഹളമുണ്ടാക്കി. തങ്ങളുടെ ആധ്യാത്മിക ഗുരുവിനെ വിട്ടയക്കണമെന്ന് അവര്‍ ഏകസ്വരത്തില്‍ ആവശ്യപ്പെട്ടു. പന്തിയല്ലെന്ന് കണ്ട ബ്രിട്ടീഷ് മേലധികാരികള്‍ മുസ്ല്യാരെ മോചിപ്പിച്ചു. ഒച്ചവെച്ച്‌ രംഗം വഷളാക്കിയതിന്‍്റെ പേരില്‍ അന്‍പതോളം പേരെ പട്ടാളം തടവിലാക്കി. സായിപ്പന്‍മാര്‍ക്കെതിരെയും ജന്‍മിമാര്‍ക്കെതിരെയും സമരം ചെയ്ത് ഏറനാട് താലുക്കിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്ത് അകത്താക്കിയ വേറെ അന്‍പതാളുകളും അടക്കം നൂറുപേരെ കോയമ്ബത്തൂര്‍ ജയിലിലേക്ക് കൊണ്ടുപോകാന്‍ എത്തിച്ചത് അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലാണ്.

വെളിച്ചവും വായുവും കടക്കാത്ത ട്രൈനിന്‍്റെ ബോഗിയില്‍ നൂറോളം പേരെ കുത്തിനിറച്ചു. കല്‍ക്കരി വണ്ടി പതുക്കെ ചൂളമടിച്ച്‌ നീങ്ങി. കുറച്ച്‌ സമയം പിന്നിട്ടപ്പോഴേക്ക് ആളുകളെ കുത്തിനിറച്ച ചരക്കു ബോഗിയില്‍ നിന്ന് മരണനാദം ഉയര്‍ന്ന് തുടങ്ങിയിരുന്നു. ശ്വസിക്കാന്‍ ഒരിറ്റു വായുവോ ദാഹമടക്കാന്‍ ഒരു തുള്ളി വെള്ളമോ കിട്ടാതെ അവര്‍ പരസ്പരം കടിച്ചു കീറി. രക്തവും മലവും വിയര്‍പ്പും മൂത്രവും തീര്‍ത്ത കുഴമ്ബില്‍ കിടന്ന് ആ നിസ്സഹായര്‍ നിലവിളിച്ചു. പതുക്കെ പതുക്കെ ശബ്ദം നേര്‍ത്ത് വന്നു. പന്തികേട് മനസ്സിലാക്കിയ പാട്ടാളോദ്യോഗസ്ഥര്‍ പോത്തനൂരില്‍ വെച്ച്‌ ബോഗി തുറന്നു. ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ദുര്‍ഗന്ധം സഹിക്കവയ്യാതെ അധികാരികള്‍ മൂക്കുപൊത്തി. ബോഗിയിലുണ്ടായിരുന്ന ഭൂരിഭാഗമാളുകളും ചത്തുമലച്ചു കിടക്കുന്നു. ഹൃദയശൂന്യര്‍ അതെണ്ണി നോക്കി. എഴുപത് പേര്‍ മരിച്ചിരിക്കുന്നു. മുപ്പത് പേരില്‍ ജീവന്‍്റെ തുടിപ്പ് നിലച്ചിട്ടില്ല. കതക് തുറന്നപ്പോള്‍ കിട്ടിയ കാറ്റ് മാത്രം മതിയായിരുന്നു അവരുടെ ജീവന്‍ തിരിച്ചു കിട്ടാന്‍. മരിച്ചവരില്‍ 41 പേര്‍ കുരുവമ്ബലം സ്വദേശികള്‍. ബാക്കിയുള്ളവരാകട്ടെ ഏറനാട് – വള്ളുവനാട് താലൂക്കുകളുടെ വ്യത്യസ്ത സ്ഥലത്ത് നിന്നുള്ളവര്‍. ഔദ്യോഗിക രേഖ പ്രകാരം മരിച്ചവരില്‍ 51 പേര്‍ പാട്ടക്കുടിയാന്‍മാരോ കര്‍ഷക തൊഴിലാളികളോ ആയിരുന്നു. മരിച്ചവരില്‍ നാല് ഹൈന്ദവ സമുദായക്കാരും ഉണ്ടായിരുന്നു. പാട്ടക്കുടിയാന്മാരായ മേലേടത്ത് ശങ്കരന്‍ നായര്‍, കുന്നപ്പള്ളി അച്ചുതന്‍ നായര്‍, തട്ടാന്‍ ഉണ്ണിപ്പുറയന്‍, ദലിതനും കര്‍ഷക തൊഴിലാളിയുമായിരുന്ന ചെട്ടിച്ചിപ്പു. ഹിന്ദുക്കള്‍ക്കെതിരെ മാപ്പിളമാര്‍ നടത്തിയ യുദ്ധമായിരുന്നു മലബാര്‍ കലാപമെന്ന് പറഞ്ഞ് പച്ചക്കള്ളം പരത്തിയവരോട് വെള്ളക്കാര്‍ക്കെതിരെ മാപ്പിളമാര്‍ക്കൊപ്പം പോരാടി ജയിലിലായി, അവസാനം തങ്ങളുടെ മുസ്ലിം സുഹൃത്തുക്കളുടെ കൂടെ നീറിനീറി മരിച്ച നാല് ഹൈന്ദവ സഹോദരന്‍മാരുടെ ആത്മാക്കളെങ്കിലും ലോകാവസാനം വരെ പൊറുക്കില്ല. വാഗണ്‍ ട്രാജഡി ദുരന്തമെന്നല്ല, വാഗണ്‍ട്രാജഡി കൂട്ടക്കൊലയെന്നാണ് ചിരിത്രബോധമുള്ളവര്‍ പ്രസ്തുത സംഭവത്തെ വിളിച്ചത്. തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ബന്ധുക്കളും നാട്ടുകാരും അവരവരുടെ നാടുകളിലേക്ക് കൊണ്ടുപോയി. ശേഷിച്ചവരെ കോരങ്ങത്ത് പള്ളിയോട് ചേര്‍ന്ന ഖബര്‍സ്ഥാനിലും പരിസരത്തും സംസ്കരിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ സമാനതകളില്ലാത്ത ക്രൂരതയായിരുന്നു 1921 നവംബര്‍ 19 ന് ഖിലാഫത്ത് പ്രക്ഷോഭത്തോട് അനുബന്ധിച്ച്‌ നടന്നത്. അതിന് മൂകസാക്ഷിയായി കരഞ്ഞ് കലങ്ങിയ കണ്ണുമായി പൊഴിക്കാന്‍ ഒരിറ്റു കണ്ണുനീര്‍ പോലുമില്ലാതെ അമര്‍ഷവും കോപവും ധീരതയും ദുഖവും ഉള്ളിലൊതുക്കി ഒരു നഗരം ഇന്നും തന്‍്റേടിയായി തല ഉയര്‍ത്തി നില്‍ക്കുന്നു. തിരൂര്‍.

പോരാട്ടത്തിന്‍്റെ ഗന്ധം ഇന്നും വിട്ടുമാറാത്ത നഗരം. വെള്ളപ്പട്ടാളത്തിന്‍്റെ ബൂട്ട്സിന്‍്റെ ശബ്ദം അവിടെ നിന്ന് ശരിക്ക് കാതോര്‍ത്താല്‍ ഇപ്പോഴും കേള്‍ക്കാം. ഖിലാഫത്ത് പ്രക്ഷോഭത്തിന്‍്റെ സിരാകേന്ദ്രങ്ങളില്‍ ഒന്ന്. ലേകത്തിലെ ഏറ്റവും മികച്ച വെറ്റില കയറ്റി അയച്ച്‌ പേരെടുത്ത നാട്. ദുബായിയിലെ ദേരാ തെരുവുപോലെ ഗള്‍ഫിന്‍്റെ അത്തര്‍ പുരണ്ട ദേശം.

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്‍്റെ കാലൊച്ചകള്‍ നിലക്കാത്ത തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഉറക്കെ വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരത്ത് ഗുഡ്സ് ഷെഡ് റോഡിന്‍്റെ സമീപത്തായി പണിത പാറയില്‍ തറവാട്ടിലെ ഓടിട്ട സാമാന്യം ഭേദപ്പെട്ട വീട്ടിലായിരുന്നു 1967 മെയ് 30 ന് എന്‍്റെ പിറവി. നാട്ടിലെ പാവപ്പെട്ട മനുഷ്യരെ ചൂഷണം ചെയ്തിരുന്ന വെള്ളക്കാര്‍ക്കെതിരെ പോരാടാനിറങ്ങി കാട്ടിപ്പരുത്തി പോലീസ് സ്റ്റേഷന്‍ അക്രമിച്ച്‌ രേഖകള്‍ നശിപ്പിച്ച കേസില്‍ ബ്രിട്ടീഷ് പട്ടാളം പിടികൂടി 12 വര്‍ഷം ബെല്ലാരി ജയിലിലടച്ച വളാഞ്ചേരി കാട്ടിപ്പരുത്തി കൂരിപ്പറമ്ബില്‍ തെക്കുംപാട്ട് മരക്കാരിന്റെ മകന്‍ കുഞ്ഞിമുഹമ്മദാണ് പിതാവ്. പാറയില്‍ നഫീസ ഉമ്മയും.

ഉമ്മയുടെ ഉപ്പ പാറയില്‍ മുഹമ്മദ് പട്ടാളത്തിലായിരുന്നു. പെന്‍ഷന്‍ പറ്റി പിരിഞ്ഞ് വന്ന ശേഷം ഇന്ത്യാ-ചൈനാ യുദ്ധകാലത്ത് സര്‍വീസില്‍ നിന്ന് പിരിഞ്ഞുപോന്ന പട്ടാളക്കാരെ വീണ്ടും വിളിച്ചതനുസരിച്ച്‌ അദ്ദേഹം തിരിച്ചു പോയി. യുദ്ധം കഴിഞ്ഞ് അധികം വൈകാതെ കൂടെപ്പോയവരൊക്കെ നാട്ടിലെത്തിയെങ്കിലും അദ്ദേഹം മാത്രം വന്നില്ല. പട്ടാള ഹെഡ് ക്വോര്‍ട്ടേഴ്സില്‍ അന്വേഷിച്ചപ്പോള്‍ നാട്ടിലേക്ക് മടങ്ങിയെന്ന മറുപടിയാണത്രെ ലഭിച്ചത്. പിന്നീട് ഒരുപാട് പല ദിക്കിലും തിരക്കിയെങ്കിലും ഒരു തുമ്ബും കിട്ടിയില്ല. പിതാവിനെ അന്വേഷിച്ച്‌ അമ്മാവന്‍ അലിക്കാക്ക അലഞ്ഞതിന് കണക്കില്ല. ഉമ്മയുടെ വിവാഹം നടക്കുമ്ബോഴും അദ്ദേഹത്തെ സംബന്ധിച്ച്‌ വിവരമൊന്നും ഉണ്ടായിരുന്നില്ല. ഉമ്മയുടെ ഉപ്പ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് തിട്ടപ്പെടുത്തി പറയാനാകാത്ത സാഹചര്യത്തിലായിരുന്നു എന്‍്റെ ജനനം. അദ്ദേഹമാകട്ടെ പിന്നീടൊരിക്കലും തിരിച്ചു വന്നില്ല. ഉമ്മയുടെ അമ്മാവന്‍ പൂണേരി കാദര്‍ ഹാജിയാണ് വിവാഹ സമയത്ത് ഉമ്മക്കുള്ള ആഭരണങ്ങളെല്ലാം നല്‍കിയത്. വാണിയണ്ണൂര്‍ക്കാരനായ അദ്ദേഹം മലേഷ്യയിലായിരുന്നു. ഉമ്മയുടെ മാതാവ് പാത്തുമ്മുവും 5 മക്കളും ആങ്ങളമാരുടെയും എളാപ്പയുടെയും (ചെറിയച്ഛന്‍) സംരക്ഷണത്തിലാണ് ജീവിച്ചത്. എന്‍്റെ വലിയുമ്മയുടെ അനുജത്തി ആയിഷയെ ഉമ്മാന്‍്റെ ഉപ്പയുടെ അനുജന്‍ കോയക്കുട്ടിയാണ് വിവാഹം ചെയ്തത്. ജേഷ്ടന്‍ ജേഷ്ടത്തിയേയും അനുജന്‍ അനുജത്തിയേയും ജീവിത പങ്കാളികളാക്കി. മാതൃപിതാവിന്‍്റെ സഹോദരി ഖദീജയെ വിവാഹം ചെയ്തത് വലിയുമ്മയുടെ സഹോദരന്‍ കുഞ്ഞീന്‍ ഹാജിയായിരുന്നു. ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഒരു മകളുള്ളപ്പോള്‍ അവര്‍ പരസ്പരം പിരിഞ്ഞു. ഈ വിവാഹമോചനം വലിയുമ്മയുടെയും സഹോദരിയുടെയും വൈവാഹിക ബന്ധങ്ങളെ ബാധിച്ചതേയില്ല.

എന്‍്റെ ഉമ്മയുടെ ഉമ്മ പാത്തുമ്മു ഹജ്ജുമ്മയുടെ ലാളനയിലും സ്നേഹത്തിലുമാണ് ഞാന്‍ വളര്‍ന്നത്. ഉമ്മയുടെ ഉപ്പയേയോ ഉപ്പയുടെ മാതാപിതാക്കളെയോ ഞാന്‍ കണ്ടിട്ടില്ല. അവരുടെ വാല്‍സല്യം നുകരാനും ഭാഗ്യം കിട്ടിയില്ല. അതുകൊണ്ടു തന്നെയാവണം ഉമ്മയുടെ ഉമ്മ എന്‍്റെ ജീവിതത്തിലെ അഭിവാജ്യ ഘടകമായി മാറിയത്.

കോളേജ് പഠനം കഴിയുന്നത് വരെ എന്‍്റെ ‘ബാങ്കര്‍’ വലിയുമ്മയായിരുന്നു. മൂന്ന് അമ്മാമന്‍മാരും വിദേശത്തായിരുന്നതിനാല്‍ വല്ലിമ്മയാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത്. പഠനം കഴിഞ്ഞ് ജോലി കിട്ടുന്നത് വരെ വല്ലിമ്മയുടെ പണപ്പെട്ടി എനിക്കൊരു അക്ഷയഖനി തന്നെയായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top