Breaking News

ബാങ്കിങ് മേഖലയില്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍ ഇന്ന് മുതൽ..

തിരുവനന്തപുരം:ബാങ്കിങ് മേഖലയില്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍ ഇന്ന് മുതൽ നിലവില്‍ വന്നു. ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഓട്ടോ ഡെബിറ്റ് പണകൈമാറ്റം സംബന്ധിച്ച വ്യവസ്ഥയിലെ മാറ്റം, ഇന്ത്യന്‍ ബാങ്കില്‍ ലയിച്ച അലഹബാദ് ബാങ്കിന്റെയും പഞ്ചാബ് നാഷണല്‍ ബാങ്കി(പിഎന്‍ബി)ല്‍ ലയിച്ച ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്കുകളുടെയും ചെക്കുകള്‍ അസാധുവാകല്‍ എന്നിവയാണവ.ഓട്ടോ ഡെബിറ്റ് ഇടപാട് മാറ്റം.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഇ-മാന്‍ഡേറ്റുകള്‍ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകളിലൂടെ സ്ഥിരമായ പേയ്മെന്റുകള്‍ സംബന്ധിച്ച വ്യവസ്ഥയില്‍ മാറ്റം വരുന്നത്. കാര്‍ഡുകള്‍ വഴിയുള്ള ഓട്ടോ ഡെബിറ്റ് പണകൈമാറ്റത്തിനു മുന്‍കൂട്ടി നിര്‍ദേശം നല്‍കിയിരിക്കുന്ന അക്കൗണ്ട് ഉടമകളെ പുതിയ നിര്‍ദേശം ബാധിക്കും.

കാര്‍ഡ് വഴി തുടര്‍ച്ചയായി നടത്തുന്ന ഓട്ടോ ഡെബിറ്റ് ഇടപാടിന് അധിക സുരക്ഷ ഏര്‍പ്പെടുത്താനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ വ്യവസ്ഥ ഏര്‍പ്പെടുത്തുന്നത്. കാര്‍ഡ് മുഖേനെ നടത്തുന്ന ഓരോ ഓട്ടോ ഡെബിറ്റ് പണകൈമാറ്റത്തിനും അക്കൗണ്ടുടമകള്‍ പ്രത്യേകം അനുമതി നല്‍കണം. അതായത് ഉപയോക്താവിന്റെ അനുമതിയോടെ മാത്രമേ പണമടയ്ക്കാനാകൂ.

നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം തുടങ്ങിയ ഒടിടി ഉള്ളടക്ക പ്ലാറ്റ്‌ഫോമുകള്‍, വൈദ്യുതി, ബ്രോഡ്ബാന്‍ഡ്, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ പോലുള്ള യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍ തുടങ്ങിയവ ഓട്ടോ ഡെബിറ്റ് സൗകര്യം കൂടുതലായി ഉപയോഗിക്കുന്ന സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. വായ്പകളുടെ ഇ എം ഐ, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയവ ഇത്തരത്തില്‍ അടയ്ക്കുന്നവരും ശ്രദ്ധിക്കണം.

ആവര്‍ത്തിച്ചുള്ള ഓണ്‍ലൈന്‍ ഇടപാടുകളില്‍ ഇ-മാന്‍ഡേറ്റുകള്‍ പ്രോസസ് ചെയ്യുന്നതിനുള്ള ചട്ടക്കൂടിലേക്കു ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും മാറാന്‍ ആറു മാസം കൂടി ആര്‍ബിഐ നേരത്തെ നീട്ടിനല്‍കിയിരുന്നു.

ഏതൊക്കെ ഇടപാടുകളെ ബാധിക്കും?

ഒരു ഉപയോക്താവ് ഓട്ടോ പേയ്മെന്റിനായി അവരുടെ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കിയ ഇടപാടുകളെ മാത്രമേ ബാധിക്കുകയുള്ളൂ. ഇ-നാക്, യുപിഐ ഓട്ടോപേ എന്നിവ പ്രകാരമുള്ള ആവര്‍ത്തിച്ചുള്ള ഇടപാടുകളെ ആര്‍ബിഐയുടെ പുതിയ വ്യവസ്ഥ ബാധിക്കില്ല.

ബാങ്കുകള്‍ എന്താണ് ചെയ്യേണ്ടത്?

ഓട്ടോ ഡെബിറ്റ് ഇടപാടിന് അനുമതി തേടി 24 മണിക്കൂര്‍ മുൻപ് ബാങ്കുകള്‍ അക്കൗണ്ട് ഉടമയെ എസ്‌എംഎസായി അറിയിക്കണം. അക്കൗണ്ട് ഉടമയ്ക്ക് അനുമതി നല്‍കിയാല്‍ മാത്രമേ പണം കൈമാറ്റം നടക്കുകയൂള്ളൂ.

എല്ലാ ഇടപാടുകളെയും ബാധിക്കുമോ?

പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌, 5,000 രൂപ വരെയുള്ള ഇടപാടുകള്‍ക്കായി ആര്‍ബിഐ ഓട്ടോ ഡെബിറ്റ് സൗകര്യം പരിമിതപ്പെടുത്തിയിരിക്കുന്നു. സേവനം അല്ലെങ്കില്‍ ബില്‍ സംബന്ധിച്ച പ്രതിമാസ ഓട്ടോ-ഡെബിറ്റ് തുക അയ്യായിരത്തില്‍ കൂടുതലാണെങ്കില്‍, ഓരോ തവണ പണമടയ്ക്കുമ്ബോഴും ഒറ്റത്തവണ പാസ്വേഡ് (ഒടിപി) ലഭ്യമാക്കുന്ന അധിക സുരക്ഷാ സംവിധാനം ഉണ്ടാവും.

ഈ ബാങ്കുകളുടെ ചെക്കുകള്‍ അസാധുവാകും:

അലഹബാദ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ചെക്കുകള്‍ നാളെ അസാധുവാകും. ഈ ബാങ്കുകളുടെ അക്കൗണ്ട് ഉടമകള്‍ പുതി ചെക്ക് ബുക്കിന് അപേക്ഷിക്കണം.

അലഹബാദ് ബാങ്ക്, ഇന്ത്യന്‍ ബാങ്കിലും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കിലും ലയിച്ച സാഹചര്യത്തിലാണ് ഇവയുടെ ചെക്കുകള്‍ അസാധുവാകുന്നത്. പുതിയ ഐഎഫ്‌സി കോഡുള്ള ഇന്ത്യന്‍ ബാങ്കിന്റെയും പിഎന്‍ബിയുടെയും ചെക്കുകളാണ് അക്കൗണ്ട് ഉടമകള്‍ ഇനി ഇടപാടുകള്‍ക്കായി ഉപയോഗിക്കേണ്ടത്. ഇതുസംബന്ധിച്ച്‌ ഇരു ബാങ്കുകളും നേരത്തെ തന്നെ അക്കൗണ്ട് ഉടമകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

ഈ മാറ്റങ്ങളും ശ്രദ്ധിക്കാം:

പ്രധാനമന്ത്രി ഉജ്വല യോജന(പിഎംയുവൈ)യുടെ കീഴില്‍ എല്‍ പി ജി കണക്ഷന്‍ ഇനി സൗജന്യമായിരിക്കില്ല. പിഎംയുവൈ പ്രകാരം സൗജന്യ സിലണ്ടര്‍ ലഭിക്കുന്നതിനുള്ള അന്തിമ സമയ പരിധി സെപ്റ്റംബറില്‍ അവസാനിച്ചു.

ലൈഫ് സര്‍ട്ടിഫിക്കറ്റ്, എല്‍പിജി കണക്ഷന്‍ എന്നിവ സംബന്ധിച്ച മാറ്റങ്ങളും നാളെ നിലവില്‍ വരും. 80 വയസിനു മുകളിലുളളവര്‍ക്കു പോസ്റ്റ് ഓഫീസിനു കിഴിലുളള ജീവന്‍ പ്രമാണ്‍ കേന്ദ്രത്തിലൂടെ ഡിജിറ്റലായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top