Breaking News

ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ച പെൺകുട്ടി മരിച്ചു,20 പേർ ആശുപത്രിയിൽ

ചെന്നൈ: തിരുവണ്ണാമലൈ ജില്ലയിലെ ആരണിയിൽ ഹോട്ടലിൽനിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ഭക്ഷണം കഴിച്ച ഇരുപതിലധികം പേരെ ഛർദിയും വയറിളക്കവും മറ്റ് ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരണി പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള സെവൻ സ്റ്റാർ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച ലക്ഷ്മി നഗർ സ്വദേശി ആനന്ദന്റെ മകൾ ലോഷിണിയാണ് (10) മരിച്ചത്. ബിരിയാണിയും തന്തൂരി ചിക്കനുമാണ് കഴിച്ചത്. വീട്ടിലെത്തിയപ്പോൾ ഛർദിയും തലകറക്കവുമുണ്ടായി. ഉടൻ ആരണി സർക്കാർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേ മരിച്ചു. ആനന്ദ് (46) ഭാര്യ പ്രിയദർശിനി (40), മൂത്തമകൻ ശരൺ (14) എന്നിവരെ വിദഗ്ധചികിത്സയ്ക്കായി വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

“ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച നാല്പതോളം പേർക്ക് ശാരീരികാസ്വസ്ഥതകളുണ്ടായി. ഇരുപതോളം പേരെ ആരണി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലർ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.

റവന്യൂ അധികൃതരും പോലീസും ഹോട്ടലിൽ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ ഭക്ഷണ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഇവിടെനിന്ന് പാചകത്തിനായി സൂക്ഷിച്ചിരുന്ന 15 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു.”തുടർന്ന് ഹോട്ടൽ മുദ്രവെച്ചു. ഹോട്ടലുടമ അംജദ് ബാഷ (32), പാചകക്കാരൻ മുനിയാണ്ടി(35) എന്നിവരെ ആരണി ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ നിലവാരം അന്വേഷിക്കാൻ അധികൃതർ പരിശോധന ഊർജിതമാക്കി.

സംഭവത്തെത്തുടർന്ന്, സംസ്ഥാനവ്യാപകമായി ഹോട്ടലുകളിൽ പരിശോധനകൾ വ്യാപകമാക്കാൻ ഭക്ഷ്യമന്ത്രി ആർ. ചക്രപാണി ഉത്തരവിട്ടു. മോശം ഭക്ഷണം നൽകുന്നവർക്കെതിരേ കർശന നടപടിയെടുക്കാനും നിർദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top