കോഴിക്കോട്: മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴപ്പണമായി ലഭിച്ച രണ്ടര ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ കെ. സുന്ദര സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് സുഹൃത്തിനെയെന്ന് പോലീസ്. ബാങ്കില്‍ നിക്ഷേപിച്ച ഈ പണം സംബന്ധിച്ച രേഖകള്‍ അന്വേഷണസംഘം ശേഖരിച്ചു.
കോഴയായി രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ സ്മാര്‍ട്ട് ഫോണും ലഭിച്ചു എന്നാണ് സുന്ദര മൊഴി നല്‍കിയിരുന്നത്. അതേസമയം ജില്ലാ ക്രൈംബ്രാഞ്ച് സംഘം സുന്ദരയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഫോണിന്റെ വില ഒന്പതിനായിരത്തില് താഴെയാണ്.
മൊബൈല്‍ വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഈ ഹാര്‍ഡ് ഡിസ്കില്‍ ഒരു മാസത്തെ ദൃശ്യങ്ങള്‍ മാത്രമേ സൂക്ഷിച്ചുവയ്ക്കാനാകൂ. ഫോണ്‍ വാങ്ങിയത് കഴിഞ്ഞ മാര്‍ച്ച് 22 നാണ്.
സുന്ദരയുടെ അമ്മയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയതായി കെ.സുന്ദരയുടെ അമ്മ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്.