വൈക്കം:കോട്ടയം വൈക്കം ചെമ്പില്‍ അമ്മയും മകനും മരിച്ച നിലയില്‍. മത്തുങ്കല്ലില് ആശാരി തറയില്‍ കാര്‍ത്ത്യായനി, മകന് ബിജു എന്നിവരാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് ബിജുവിന്റെ മൃതദേഹം.
പൊലീസ് സ്ഥലത്തെത്തി. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മയെ കൊലപ്പെടുത്തിയാണ് മകന് തൂങ്ങിമരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ ഉച്ചയ്ക്ക് ഒന്ന് മുപ്പതോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സഹോദരന് സിജു പണിസ്ഥലത്തു നിന്ന് ഉച്ചയൂണിന് വീട്ടില്‍ എത്തിയപ്പോഴാണ് കട്ടിലില്‍ അമ്മ മരിച്ചു കിടക്കുന്നതു കണ്ടത്. ഉടന്‍ തന്നെ തൊട്ടടുത്ത മുറിയില്‍ ബിജു കെട്ടിത്തൂങ്ങി കിടക്കുന്നത് കാണുന്നത്. സിജുവിന്റെ അലമുറ കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു.
കുറച്ചു മാസങ്ങളായി സ്ഥിരമായി പണിക്കു പോകാതെ ബിജു മദ്യത്തിനടിമയായിരുന്നു. വീട്ടുമുറ്റത്തു നിന്ന മരം വെട്ടി വിറ്റ കാശ് അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കില്ലെന്ന് പറഞ്ഞതിന്റെ പ്രകോപനമാകാം കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്ന് പോലീസ് പറയുന്നു