പെരിന്തല്‍മണ്ണ: വിവാഹ വാഗ്ദാനം നല്കി ദളിത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സിപിഎം പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കരപ്പറമ്പ് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗമായ ഫെബിന് വേങ്ങശ്ശേരി (37)യാണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ എ എസ് പി ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഈ വര്‍ഷം മാര്‍ച്ച് മുതല്‍ യുവതി താമസിക്കുന്ന വീട്ടിലെത്തി ഫെബിന് പലതവണ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് യുവതി ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ പ്രതി നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് അവശനിലയിലായ യുവതിയെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്.
പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മങ്കട പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ എ എസ് പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.