Breaking News

ഇന്ന് 623 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;432 പേർക്ക് സമ്പർക്കം വഴി രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

സമ്പർക്കം വഴി :432

ഇതില്‍ 96 പേർ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 432 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 37 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. 196 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഇന്ന് ഒരു കൊവിഡ് മരണവുമുണ്ടായി. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ് ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പോസിറ്റീവായവരുടെ കണക്ക് ജില്ല തിരിച്ച്: തിരുവനന്തപുരം 157, കാസർകോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂർ 35, കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശ്ശൂർ 5, വയനാട് 5.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശ്ശൂർ 1, പാലക്കാട് 53, മലപ്പുറം 44, കോഴിക്കോട് 15, വയനാട് 1, കണ്ണൂർ 10, കാസർകോട് 17.

കഴിഞ്ഞ 24 മണിക്കൂറിൽ 14,444 സാമ്പിളുകൾ പരിശോധിച്ചു. 1,84,601 പേരാണ് നിരീക്ഷണത്തിലുള്ളത്. 4989 പേർ ആശുപത്രികളിലാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 9553 പേർക്കാണ്. 602 പേരെ ഇന്ന് ആശുപത്രികളിലാക്കി. ഇപ്പോൾ ചികിത്സയിൽ 4880 പേരാണ് ഉള്ളത്. ഇതുവരെ ആകെ 2,60,356 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 7485 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇത് കൂടാതെ സെന്‍റിനൽ സർവൈലൻസ് വഴി 82,568 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 78,415 സാമ്പിളുകൾ നെഗറ്റീവായി.

ഹോട്ട്സ്പോട്ടുകളുടെ എണ്ണം 234 ആയി. 14 പ്രദേശങ്ങൾ പുതുതായി ഹോട്ട്സ്പോട്ടായി. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നല്ല പങ്കാണ് വഹിക്കുന്നത്. പ്രാദേശിക ഏകോപനം നടത്തുന്നത് ഇവരാണ്. ഇതിനായുള്ള ചെലവുകൾക്ക് ഒരു തടസ്സവും പാടില്ലെന്നാണ് സർക്കാർ നിലപാട്. 

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ രണ്ട് ഗഡു പ്ലാൻ ഫണ്ട് നൽകി. മൂന്നാം ഗഡു അടുത്തയാഴ്ച നൽകും. ക്വാറന്‍റീൻ, റിവേഴ്സ് ക്വാറന്‍റീൻ, ആശുപത്രികൾക്കുള്ള അധികസഹായം, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾക്കുള്ള സഹായം, കമ്മ്യൂണിറ്റി കിച്ചൻ നടത്തിപ്പ് എന്നിവയ്ക്ക് ഡിപിസിയുടെ മുൻകൂർ അനുമതിയില്ലാതെ പ്ലാൻ ഫണ്ടിൽ നിന്ന് തുക ചെലവാക്കാം. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ട്രഷറിയിലുണ്ടാകും. ഇത്തരം പ്രോജക്ടുകൾ പിന്നീട് സാധൂകരിച്ചാൽ മതി. ഈ പണത്തിൽ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദനീയമായ പ്രോജക്ടുകൾക്കുള്ള തുക റീ ഇംപേഴ്സ്മെന്‍റ് ലഭിക്കും. ഇതിനായി തദ്ദേശസ്വയം ഭരണ സെക്രട്ടറിമാർ വേണ്ട രേഖകൾ നൽകണം. ബാക്കിയുള്ള പണം പ്ലാൻ ഫണ്ടിന്‍റെ ഭാഗമായി അധികമായി അനുവദിക്കും. ദുരിതാശ്വാസനിധിയിൽ നിന്ന് ആവശ്യമായ പണം നൽകാൻ കളക്ടർമാർക്ക് നിർദേശം നൽകി. സിഎംഡിആർഎഫിൽ നിന്ന് ഈ പണം ലഭ്യമാക്കുന്നതുമാണ്.

കൊവിഡ് പ്രതിരോധത്തിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് പണപ്രതിസന്ധി പാടില്ല എന്ന് കരുതിയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. എല്ലാ തദ്ദേശസ്ഥാപനങ്ങളും ഇതനുസരിച്ച് പ്രതിരോധപ്രവർത്തനങ്ങളിൽ ഊർജസ്വലതയോടെ മുന്നോട്ട് പോകണം. ബ്രേക്ക് ദ ചെയ്ൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. ജീവന്‍റെ വിലയുള്ള ജാഗ്രത എന്നതാണ് മൂന്നാം ഘട്ട ക്യാമ്പെയിന്‍ പറയുന്നത്. രോഗികളിൽ 60 ശതമാനത്തോളം പേർ രോഗലക്ഷണമില്ലാത്തവരാണ്. ആരിൽ നിന്നും രോഗം പകരാം എന്നതാണ്. രോഗലക്ഷണമുള്ളവരെ കണ്ടാലറിയാം. അല്ലാത്തവരെ തിരിച്ചറിയാനാകില്ല. ഓരോരുത്തരും ദിവസവും സമ്പർക്കം പുലർത്തുന്ന മാർക്കറ്റുകൾ, തൊഴിലിടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആരിൽ നിന്നും ആർക്കും രോഗം വന്നേക്കാം. അതിനാൽ ഒരാളിൽ നിന്നും രണ്ട് മീറ്റർ അകലം പാലിച്ച് സ്വയം സുരക്ഷിതവലയം തീർക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റർ അകലം ഉറപ്പാക്കണം. ഈ സുരക്ഷിതവലയത്തിൽ നിന്ന് മാസ്ക് ധരിച്ചും, സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചും കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം. ആൾക്കൂട്ടം അനുവദിക്കരുത്. രോഗവ്യാപനത്തിന്‍റെ ഈ ഘട്ടത്തിൽ വലിയ തോതിൽ പലയിടത്തും മരണമുണ്ടാകുന്നു. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറയ്ക്കാനാകുന്നത് ജാഗ്രത കൊണ്ട് തന്നെയാണ്. ഈ ജാഗ്രതയ്ക്ക് നമ്മുടെ ജീവന്‍റെ വിലയുണ്ട്. അതിനാൽ ജീവന്‍റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുക്കണം. വിവിധ ജില്ലകളിൽ രോഗബാധ കൂടുതലുള്ള മേഖലകളിൽ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നു. ഒരുമിച്ചുള്ള പ്രവർത്തനങ്ങളും പരിശോധനകളും ഉണ്ടാകുന്നു 

 

 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top