Kerala

കെ ഫോൺ ഇൻറർനെറ്റ് പദ്ധതിയും വിവാദത്തിൽ

കൊച്ചി: സംസ്ഥാനത്തെ ഇൻറർനെറ്റ് ശൃംഖല ശക്തിപ്പെടുത്താനും പാവപ്പെട്ട ഇരുപതു ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഹൈസ്പീഡ് ഇൻറർനെറ്റ് കണക്ഷൻ നൽകാനും ലക്ഷ്യമിട്ട കെ ഫോൺ പദ്ധതിയും വിവാദത്തിൽ.ഒപ്റ്റിക് ഫൈബർ ശൃംഖല സ്ഥാപിച്ച് അത് വഴി വീടുകളിലും ഓഫീസുകളിലും അതിവേഗ ഇൻറർനെറ്റ് കണക്ഷൻ നൽകാനായിരുന്നു പദ്ധതി. കെഎസ്ഇബിയും കേരളാ സ്റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രെക്ടർ ലിമിറ്റഡും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് ഉള്ളവർക്ക് ഈ പദ്ധതിയിലൂടെ സേവനങ്ങൾ കുറച്ചുകൂടെ നല്ല രീതിയിൽ ജനങ്ങളിൽ എത്തിക്കാൻ കഴിയും.

കേബിൾ ടിവി ഓപ്പറേറ്റർമാർക്കും അവരുടെ സേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കാൻ കെ- ഫോണുമായി സഹകരിക്കാൻ അവസരമുണ്ടാകും.
ഇതിനിടയിലാണ് സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാർ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ ഉൾപെടെ വിവാദത്തിൽ ആകുന്നതും ഐ ടി സെക്രട്ടറി ദീർഘകാല അവധിയിൽ പ്രവേശിക്കുന്നതും. ഐടി സെക്രട്ടറിയുടെ മുൻ ഔദ്യോഗിക ഇടപാടുകളിലേക്കും അന്വേഷണം നീണ്ടേക്കും.ഐ.ടി. സെക്രട്ടറിയാകുന്നതിനുമുമ്പ് കെ.എസ്.ഇ.ബി. ചെയർമാനായിരുന്നു ശിവശങ്കർ. വൈദ്യുതിബോർഡിന്റെയും ഐ.ടി. വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെയും (കെ.എസ്.ഐ.ടി.ഐ.എൽ.) സംയുക്തസംരംഭമായ കെ-ഫോൺ കമ്പനിക്കും ഇതോടെ വിവാദത്തിന്റെ നിഴൽ വീഴുകയാണ്. കെ-ഫോൺ സംരംഭവുമായി മുന്നോട്ടുപോകരുതെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും പദ്ധതി ഉപേക്ഷിച്ചിട്ടില്ല. സ്വപ്നാ സുരേഷിനായിരുന്നു കെ-ഫോണിന്റെ മേൽനോട്ടച്ചുമതലയെന്നാണു സൂചന.

2012 മുതൽ കെ.എസ്.ഇ.ബി. ചെയർമാനായിരുന്ന ശിവശങ്കർ, 2016-ലാണ് ഐ.ടി. സെക്രട്ടറിയായത്. ഇതിനുശേഷമാണ് കേരള ഫൈബർ ഓപ്റ്റിക്‌സ് നെറ്റ്‌വർക്ക് പ്രോജക്ട് (കെ ഫോൺ) എന്ന കമ്പനിയെക്കുറിച്ച് ആലോചന വന്നത്. കെ.എസ്.ഇ.ബി.യും കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്നുള്ള സംയുക്തസംരംഭത്തിൽ ഇരുസ്ഥാപനത്തിനും 49 ശതമാനമാണ് ഓഹരി. രണ്ടുശതമാനം സംസ്ഥാന സർക്കാരിനും. 1028 കോടി രൂപയുടെ പദ്ധതിയിൽ കുറഞ്ഞനിരക്കിൽ ഇന്റർനെറ്റ് സേവനം എത്തിക്കുകയാണ് ലക്ഷ്യം.

എന്നാൽ, ഈ പദ്ധതിയെ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ശക്തമായി എതിർത്തു. ഇതു വകവെക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാനായിരുന്നു സർക്കാരിന്റെ നിർദേശം. ജീവനക്കാരുടെ സംഘടനകളും എതിർപ്പുയർത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top