തിരുവനന്തപുരം: സിസ്റ്റര്‍ ലിനിയുടെ കുടുംബത്തെ കോണ്‍ഗ്രസ് വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലിനിയുടെ കുടുംബം കേരളത്തിന്റെ സ്വത്താണ്. ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്ത കോണ്‍ഗ്രസ് നടപടി തെറ്റെന്നും അദ്ദേഹം പറഞ്ഞു.
ലിനിയുടെ ജീവത്യാഗം ഈ നാട് കണ്ണീരോടെയാണ് കണ്ടത് കേരളം മാത്രമല്ല ലോകം മുഴുവന്‍ ആദരിക്കുന്ന പോരാളിയാണ് സിസ്റ്റര്‍ ലിനി. നിപക്കെതിരായ പോരാട്ടത്തിലെ രക്തസാക്ഷിയാണ് ആ സഹോദരി. അവരുടെ കുടുംബത്തെ നമ്മുടെ കുടുംബം എന്ന രീതിയിലാണ് എല്ലാവരും കാണുന്നത്. കേരളം മുഴുവന്‍ അങ്ങനെയാണ് കാണുന്നത്. അതിനെ അഗീകരിക്കണം എന്ന് നിര്‍ബന്ധമില്ല ആ കുടുംബത്തെ വേട്ടയാടാതെ ഇരുന്നുകൂടെ. എന്തിനാണ് ലിനിയുടെ കുടുംബത്തിനെതിരെ ഈ ക്രൂരത എന്നാണ് മനസ്സിലാകാത്തത്. ഏറ്റവും വലിയ പ്രതിസന്ധി കാലത്ത് തന്റെ കൂടെ നിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരന് പറഞ്ഞു. അതിന്റെ പേരിലാണ് ഈ പ്രതിഷേധമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായ ഭാഷയിലാണ് പിണറായി വിജയന് വിമര്‍ശിച്ചത്. ഒരു പൊതുപ്രവര്ത്തകന് എങ്ങനെയാകരുതൈന്ന് ആ കോണ്‍ഗ്രസ് നേതാവ് തെളിയിച്ചെന്ന് പിണറായി പറഞ്ഞു. കേരളത്തെക്കുറിച്ച് നല്ലത് കേള്‍ക്കുന്നതാണ് മുല്ലപ്പള്ളിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നത്. കേരളത്തെക്കുറിച്ച് നല്ലത് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനമാണ് തോന്നുന്നത്. എന്നാല്‍ മുല്ലപ്പള്ളിക്ക് അത് കേള്‍ക്കുമ്പോള്‍ ക്ഷോഭമാണ് വരുന്നത്. ആ ക്ഷോഭം മലയാളികളെ ബാധിക്കില്ല. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന വിധമാണ് നാം കോവിഡിനെ ചെറുത്തത്. കൊവിഡിന് ലോകത്തൊരിടത്തും മരുന്നുപോലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നാം രോഗബാധയെ ചെറുത്തുനിറുത്തി. ആരോഗ്യരംഗത്തെ ഫലപ്രദമായ ഇടപെടല്‍ കൊണ്ടും ലോകത്തെ ഫലഭാഗങ്ങളിലെ സാഹചര്യങ്ങള്‍ പഠിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം കൊണ്ടും
ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാര്‍പ്പണം കൊണ്ടുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.