തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ്താതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കാസർഗോഡ് ജില്ലയിലുള്ള 4 പേർക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കാസർകോട് ജില്ലയിലെ നാലുപേർ മഹാരാഷ്ട്രയിൽനിന്നും പാലക്കാട് ജില്ലയിലുള്ളയാൾ ചെന്നൈയിൽനിന്നും മലപ്പുറം ജില്ലയിലുള്ളയാൾ കുവൈത്തിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ വന്നവരാണ്.
വയനാട് ജില്ലയിലുള്ളയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. 27 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
ഇന്നലെ വരെ 1,307 പേരാണ് അടുത്തിടെ വിദേശത്തുനിന്നും വന്നത്. ഇതിൽ 650 പേർ വീട്ടിലും 641 പേർ കോവിഡ് കെയർ സെന്ററിലും 16 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതിൽ 229 പേർ ഗർഭിണികളാണ്.