കണ്ണൂർ: കേരളത്തില്‍ വലിയൊരു വളര്‍ച്ച തന്നെ കേബിള്‍ ടിവി മേഖല നേടിയെടുത്തിട്ടുണ്ട്. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ ആത്മാര്‍ത്ഥതയും പ്രവര്‍ത്തനവുമാണ് ഈ വളര്‍ച്ചയ്ക്ക് കാരണം. വലിയ സ്വീകാര്യത ലഭിക്കുന്നതിനൊപ്പം പുതിയ ഓപ്പറേറ്റര്‍മാര്‍ സംഘടനയിലേക്ക് കടന്നുവരുന്നുണ്ട്. സാധ്യതകളുടെ വലിയ ലോകമായിരിക്കും കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം തുറന്നു കാട്ടുകയെന്നും സിഒഎ സംസ്ഥാന സെക്രട്ടറി കെ.വി രാജന് പറഞ്ഞു.
വലിയൊരു ടെലികോം ദാതാവ് കൂടിയാണ് ഇന്ന് സിഒഎ. വിവര സാങ്കേതിക തികവ് ഒന്നുകൂടി മെച്ചപ്പെടുത്തിയാല്‍ വലിയ മാറ്റത്തിനാകും സിഒഎ സാക്ഷ്യം വഹിക്കുകയെന്നും കെ.വി രാജന് പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.ജയകൃഷ്ണന് അധ്യക്ഷനായ ചടങ്ങില്‍ കെ.ഒ പ്രശാന്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. സിഒഎ സംസ്ഥാന പ്രസിഡന്റ് കെ.വിജയകൃഷ്ണന്, ജില്ലാ സെക്രട്ടറി പി.ശശികുമാര്‍, ട്രഷ്റര്‍ എം.ആര് രജീഷ്, സംസ്ഥാന സെക്രട്ടറി കെ. സജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. മാഹി കക്കാട്ടെ കണ്വന്ഷന് സെന്ററില്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന് വി പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്.
ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച ഘോഷയാത്ര സാംസ്കാരിക തനിമ വിളിച്ചോതുന്നതായിരുന്നു. മുന്‍ കൃഷിമന്ത്രി കെ.പി മോഹനന് ഉള്‍പ്പടെയുള്ള പ്രമുഖവ്യക്തികള്‍ ഘോഷയാത്ര വീക്ഷിച്ചു. ജയകൃഷ്ണന് വി പ്രസിഡന്റായും ശശികുമാര്‍ പി സെക്രെട്ടറിയായും, രതീഷ് എം.ആറിനെ ട്രഷ്ററായും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.