തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ മഴ. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വരും മണിക്കൂറുകളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. എറണാകുളം തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ലക്ഷദ്വീപില്‍ ആതീവജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച മുതല്‍ നിര്‍ത്താതെ തുടരുന്ന പെരുമഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. എറണാകുളം ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കൊച്ചി, പറവൂര്‍, കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
കനത്ത മഴയെ തുടര്‍ന്ന് എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.