തിരുവനന്തപുരം: ചാല ഗവണ്മെന്റ് തമിഴ് വിഎച്ച്എസ്എസില്‍ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന്റെ കീഴിലുള്ള തിരുവനന്തപുരം കസ്റ്റംസ് പ്രിവന്റിവ് ഡിവിഷന് പെണ്‍കുട്ടികളുടെ ടോയ്ലറ്റ് ബ്ലോക്ക് പുനര്‍നിര്‍മ്മിച്ചു നല്കി. സ്വച്ഛ ഭാരത് അഭിയാന് 2019 -20 ലെ ഫണ്ടുപയോഗിച്ച് 2.5 ലക്ഷം രൂപ ചെലവഴിച്ച് പുനര്‍നിര്‍മ്മിച്ച ടോയ്ലറ്റ് ബ്ലോക്ക് ഒക്ടോബര്‍ 2 ന് രാവിലെ 10 മണിക്ക് സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ് ശിവപ്രസാദ് ഐആര്‍എസ്, സ്ക്കൂള് അധികൃതര്‍ക്ക് കൈമാറി. ടോയ്ലറ്റിലേക്കുള്ള മേല്ക്കൂരയോടു കൂടിയ നടപ്പാതയും വാഷ് ഏരിയയും ടൈല്‍ വിരിച്ച് മനോഹരമാക്കുകയും മതില് നിര്‍മ്മിച്ചുനല്‍കുകയും ചെയ്തു. പരിസരം മനോഹരമാക്കി വാഴ, പപ്പായ, റമ്പൂട്ടാന്‍, പച്ചക്കറിതൈകള്‍ തുടങ്ങിയവ നടുകയും ചെയ്തു.
ഗാന്ധിജയന്തി ദിനാചരണം കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സേതുലക്ഷമി അദ്ധ്യക്ഷത വഹിച്ചു.അസി.കമ്മീഷണര്‍മാരായ പൊന്‍ സുപ്രിയ, ഫിലിപ്പ് , സാമുവല്‍, വൈസ് പ്രിന്‍സിപ്പല്‍ ജയമോള്‍, സ്റ്റാഫ് സെക്രട്ടറി ജയകുമാര്‍, എസ്എംസി ചെയര്മാന് മാരിയപ്പന് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സ്ക്കൂളിലെ ക്ലാസ് റൂം ടൈല്‍ പാകി മനോഹരമാക്കിയിരുന്നു. തുടര്‍ന്ന് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനിലെ ഉദ്യോഗസ്ഥരും സ്ക്കൂളും കസ്റ്റംസ് കേഡറ്റ് കോര്‍പ്സ് വിദ്യാര്‍ത്ഥികളും സംയുക്തമായി സ്ക്കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.