മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതിയായ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി. ഒ സൂരജ് റിമാന്‍ഡില്‍. സൂരജ് ഉള്‍പ്പെടെ 4 പ്രതികളെയും 19 വരെ റിമാന്‍ഡ് ചെയ്തു. പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചു. പ്രതികളുടെ ജാമ്യാപേക്ഷ നാളെ വിജിലന്‍സ് കോടതി പരിഗണിക്കും.
ഓഗസ്റ്റ് 30-നാണ് പ്രതികളായ ടി.ഒ. സൂരജ്, ആര്‍ബിഡിസികെ മുന്‍ ജനറല്‍ മാനേജര്‍ എം.ടി. തങ്കച്ചന്, കിറ്റ്കോ ജോ. ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കരാറുകാരന് സുമിത് ഗോയല്‍ എന്നിവരെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ഉന്നത ബന്ധങ്ങള്‍, സ്വാധീനം എന്നിവ സംബന്ധിച്ച് സംഘം അന്വേഷിച്ചുവരികയാണ്. 17 പ്രതികളും 147 രേഖകളുമുള്ള കേസില്‍ ഇനിയും രേഖകളും രഹസ്യങ്ങളുമുണ്ടെന്നാണ് നിഗമനം.
സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ടെന്‍ഡര്‍ നടപടി ക്രമങ്ങളില്‍ വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് വിനിയോഗത്തിലും ചട്ടലംഘനമുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.