Breaking News

ഖാദി ബോര്‍ഡ് 50 കോടി നല്‍കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ്

സംസ്ഥാന ഖാദി ബോര്‍ഡിനെതിരേ നടന്‍ മോഹന്‍ലാല്‍ 50 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ചു. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പരസ്യത്തിന്റെ പേരില്‍ ലാലിന് ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിനു മറുപടിയായാണ് താരം ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജിനെതിരേ നോട്ടീസ് അയച്ചത്.

പൊതുജനമധ്യത്തില്‍ തനിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ലാലിന്റെ നോട്ടീസ്. പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നും പ്രമുഖ മാധ്യമങ്ങളില്‍ ക്ഷമാപണം നടത്തണമെന്നുമാണ് താരത്തിന്റെ ആവശ്യം. ഇതിന് തയാറായില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണം.

ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചത് തെറ്റിധാരണയുണ്ടാക്കും. പരസ്യത്തില്‍നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ഖാദി ബോര്‍ഡ് ലാലിന് നോട്ടീസ് അയച്ചത്. എന്നാല്‍ വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടേി പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നാണ് മോഹന്‍ലാലിന്റെ ആരോപണം.

അതേസമയം, മോഹന്‍ ലാലിന് 50 കോടി പോയിട്ട് 50 രൂപ പോലും നല്‍കില്ലെന്ന് ഖാദി ബോര്‍ഡ് ചെയര്‌പേഴ്‌സണ്‍ ശോഭനാ ജോര്‍ജ് പറഞ്ഞു. ലാലിന്റെ വക്കീല്‍ നോട്ടിസിനെ നിയമപരമായി നേരിടുമെന്നും അവര്‍ വ്യക്തമാക്കി. പ്രളയത്തിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബോര്‍ഡിന് 50 കോടിരൂപ പോയിട്ട് 50 രൂപ പോലും നല്‍കാന്‍ കഴിയില്ല. മുഴുവന്‍ നൂലും ഉദ്പ്പന്നങ്ങളും വില്പ്പന നടത്തിയാലും 50 കോടിരൂപ ലഭിക്കില്ലെന്നും ശോഭന ജോര്‍ജ് പറഞ്ഞു.

മോഹന്‍ലാലിന് അഭ്യര്‍ഥനയുടെ പേരിലാണ് നോട്ടീസ് അയച്ചത്. പരസ്യത്തില് നിന്ന് പിന്മാറണമെന്ന് അഭ്യര്‍ഥിക്കുകയാണ് ചെയ്തത്. വിഷയത്തില്‍ ലാലിനോട് മാപ്പു പറയേണ്ട ആവശ്യമില്ല. ചര്‍ക്ക ആരെങ്കിലും ദുരുപയോഗിക്കുന്നത് ചോദ്യം ചെയ്യേണ്ട ബാധ്യത ഖാദി ബോര്‍ഡിനുണ്ട്. ഖാദിയും ‘രഘുപതി രാഘവ’ കീര്ത്തനവും സ്വകാര്യ സ്ഥാപനം ഉപയോഗിച്ചതാണ് ചോദ്യം ചെയ്തതെന്നും ശോഭന ജോര്‍ജ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top