Kerala

48 മണിക്കൂര്‍ പണിമുടക്ക്; സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി

കൊച്ചി: 2019 വര്‍ഷാരംഭത്തില്‍ തന്നെ ജനങ്ങളെ വലച്ച ആദ്യ ഹര്‍ത്താലിനു പിന്നാലെ വരുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്നു സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. പണിമുടക്കുമായി സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി അറിയിച്ചതോടെ പണിമുടക്കില്‍ നേരിയ അയവുണ്ടാകുമെന്നാണ് സൂചന. പണിമുടക്കില്‍ നിന്ന് വിനോദസഞ്ചാരമേഖലയെയും ഒഴിവാക്കിയിട്ടുണ്ട്.

8, 9 തിയതികള്‍ നടക്കുന്ന തൊഴിലാളി പണിമുടക്കില്‍ എവിടെയും ട്രെയിന്‍ തടയില്ലെന്നു സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ചന്ദ്രന്‍പിള്ള പറഞ്ഞു. 7ന് രാത്രി 12 മുതല്‍ 9ന് രാത്രി 12 വരെയാണ് പണിമുടക്ക്. റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പ്രതിഷേധ പ്രകടനം നടത്തും. കടകള്‍ അടക്കാന്‍ നിര്‍ബന്ധിക്കില്ല. എന്നാല്‍ പണിമുടക്ക് അവര്‍ക്കുകൂടി വേണ്ടിയാണെന്ന് തിരിച്ചറിയണം. തൊഴിലാളികള്‍ പണിമുടക്കുകയും ജനം എത്താതിരിക്കുകയും ചെയ്യുമ്പോള്‍ ആര്‍ക്കുവേണ്ടിയാണ് ഇതു തുറക്കുന്നത്. മുതലാളിമാര്‍ക്കു വേണ്ടി മാത്രമായി തുറന്നിട്ടെന്തു കാര്യമെന്ന് അവര്‍ ചിന്തിക്കണം. ഹര്‍ത്താലുകളില്‍ സംഭവിച്ചതുപോലെ ഈ പണിമുടക്കില്‍ സംഘര്‍ഷമുണ്ടാകില്ലെന്ന് ഉറപ്പു നല്‍കുന്നതായും ചന്ദ്രന്‍ പിള്ള പറഞ്ഞു.

സമസ്ത മേഖലകളിലെയും തൊഴിലാളികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച്, ബിജെപിയുടെ പോഷകസംഘടനകള്‍ ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ചേര്‍ന്നാണ് ദേശീയ തലത്തില്‍ പണിമുടക്കുന്നത്. ദേശീയ പണിമുടക്ക് കേരളത്തില്‍ സമ്പൂര്‍ണമായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി അറിയിച്ചിരുന്നു.

കേന്ദ്ര സംസ്ഥാന ജീവനക്കാര്‍, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികള്‍, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കടകളിലെ ജീവനക്കാര്‍ തുടങ്ങി എല്ലാ തൊഴില്‍ മേഖലകളിലുമുള്ളവര്‍ രണ്ടുദിവസം പണിമുടക്കുമെന്നു സമിതി അറിയിച്ചു. ശബരിമല തീര്‍ഥാടകരെ ബാധിക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.

നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍, വന്നുപെടുന്ന വിനോദസഞ്ചാരികള്‍ എന്നിവരെ പണമുടക്ക് ബാധിക്കാതെ നോക്കും. ആശുപത്രി ആംബുലന്‍സ്, മരുന്നുവിതരണം, പത്രം, ജലവിതരണം തുടങ്ങിയ അവശ്യസര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, തുറമുഖം, എയര്‍പോര്‍ട്ട്, റോഡ് ഗതാഗതം, വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പണിമുടക്കില്‍ സ്തംഭിക്കും.

എറണാകുളം, ആലുവ, കളമശേരി, തൃപ്പൂണിത്തുറ എന്നിവടങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രതിഷേധസമരം നടത്തും. സെസ്, എയര്‍പോര്‍ട്ട് ഗ്രൗണ്ട് ഹാന്‍സ്ലിങ്, തുറമുഖം ഉള്‍പ്പടെ എല്ലാ മേഖലകളിലെയും തൊഴിലാളികള്‍ 14 ദിവസം മുമ്പേ നോട്ടീസ് നല്‍കിയിട്ടുണ്ട്. കൊച്ചി മെട്രോയിലെ 300 ജീവനക്കാര്‍ പണിമുടക്കുമെന്നു കാണിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top