Kerala

ശബരിമലയില്‍ വനിതാ റിപ്പോര്‍ട്ടര്‍മാര്‍ വേണ്ട ; മാധ്യമസ്ഥാപനങ്ങള്‍ക്ക് ഹിന്ദു സംഘടനകളുടെ മുന്നറിയിപ്പ്

നടതുറക്കുമ്പോള്‍ ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് യുവതികളായ മാധ്യമപ്രവര്‍ത്തകരെ അയയ്ക്കരുതെന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് ഹിന്ദു സംഘടനകളുടെ മുന്നറിയിപ്പ്. ശബരിമല കര്‍മ സമിതിയാണ് പത്രങ്ങളുടെയും ചാനലുകളുടെയും എഡിറ്റര്‍മാര്‍ക്ക് കത്തയച്ചിരിക്കുന്നത്. വിശ്വഹിന്ദു പരിഷത്, ഹിന്ദു ഐക്യവോദി എന്നിവരുള്‍പ്പെട്ടതാണു കൂട്ടായ്മ.

യുവതികളായ മാധ്യമപ്രവര്‍ത്തകളെ ശബരിമലയിലേക്ക് അയച്ചാല്‍ സ്ഥിതിഗതികള്‍ വഷളാകുമെന്നാണ് കത്തിലെ മുന്നറിയിപ്പ്. വിശ്വാസികളെ പിന്തുണയ്ക്കുന്നതും എതിര്‍ക്കുന്നതും മാധ്യമങ്ങളുടെ അവകാശമാണെന്നും ശബരിമല വിഷയത്തില്‍ മാധ്യമങ്ങള്‍ ഒരു നിലപാടും സ്വീകരിക്കില്ലെന്നാണു കരുതുന്നതെന്നും കത്തില്‍ പറയുന്നു.

ചിത്തിര ആട്ട വിശേഷത്തിന് തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. നടതുറപ്പ് ദിവസം പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. ചിത്തിര ആട്ട ദിവസമായ ചൊവ്വാഴ്ച വൈകിട്ട് പത്തിന് നട അടയ്ക്കും. പിന്നെ മണ്ഡലകാല പൂജകള്‍ക്ക് വേണ്ടി നവംബര്‍ പതിനാറിനാണ് നട തുറക്കുക.

സന്നിധാനത്ത് സംഘര്‍ഷ സാധ്യതയെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളെ അണിനിരത്തി ആര്‍എസ്എസും ബിജെപിയും പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ നേരിടാന്‍ ആവശ്യമെങ്കില്‍ വനിതാ പോലീസിനെ സന്നിധാനത്ത് നിയോഗിക്കാനാണു പോലീസിന്റെ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top