കട ബാധ്യതയേറിയ ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചന്. ഉത്തര്‍പ്രദേശിലെ 850ഓളം വരുന്ന കര്‍ഷകരുടെ 5.5 കോടി രൂപ ബാങ്ക് വായ്പയാണ് അമിതാഭ് ബച്ചന് ഏറ്റെടുക്കുന്നത്.
ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കര്‍ഷകര്‍ക്കു വേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബച്ചന് പറഞ്ഞു.
അടുത്തിടെ രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ 44 പേരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ബച്ചന് സഹായം എത്തിച്ചിരുന്നു. അത് മനസിന് സംതൃപ്തി നല്കിയ ഒരു അനുഭവം ആയിരുന്നുവെന്ന് ബച്ചന് പറഞ്ഞിരുന്നു.
മഹാരാഷ്ട്രയില്‍ താന്‍ നടത്തിയ ചെറിയൊരു ഇടപെടലിലൂടെ നിരവധി കുടുംബങ്ങളെ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്താനായി. തന്റെ പ്രവര്‍ത്തനം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.