Kerala

കേട്ടത് സത്യം തന്നെ; ബ്ലാസ്റ്റേഴ്‌സ് ഓഹരികള്‍ വിറ്റത് സ്ഥിരീകരിച്ച് സച്ചിന്‍

കേരളബ്ലാസ്‌റ്റേഴ്‌സിന്റെ ഓഹരികള്‍ വിറ്റത് സ്ഥിരീകരിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍. സച്ചിന്റെ കൈവശമുണ്ടായിരുന്ന 20 ശതമാനം ഓഹരികളാണ് വില്‍ക്കാനൊരുങ്ങുന്നത്. ടീം സുദൃഢമാണെന്നും തന്റെ ഹൃദയം എന്നും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഉണ്ടാകുമെന്നും സച്ചിന്‍ അറിയിച്ചു.

നിലവില്‍ ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പാണ് ടീമിന്റെ 80 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്നത്. 20 ശതമാനം ഓഹരികളാണ് സച്ചിന്റെ കൈവശമുളളത്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കടക്കാതിരുന്ന ടീം നിറം മങ്ങിയ പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സച്ചിന്‍ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കേരളത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ലുലു ബ്ലാസ്റ്റേഴ്‌സിനെ മുഴുവനായും ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തയ്യാറായില്ല.

ആകെ മൊത്തത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ശനിദശയാണെന്ന് വേണം പറയാന്‍. കഴിഞ്ഞ മാസം പ്രമുഖ ഫുട്‌ബോള്‍ ടീമായ ബാങ്കോക്ക് എഫ്‌സിയോട് മിന്നും ജയം കാഴ്ച്ച വച്ചെന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ തെറ്റായ ട്വീറ്റ് വിവാദമായിരുന്നു. ബാങ്കോക്ക് എഫ്‌സി മാനേജ്‌മെന്റ് ട്വീറ്ററില്‍ ബ്ലാസ്റ്റേഴ്‌സിനെ ട്രോളി പോസ്റ്റിട്ടതോടെയാണ് മഞ്ഞപ്പട കളി ജയിച്ചെന്ന് പറഞ്ഞ ടീം ബാങ്കോക്കിലെ ഏതോ യൂണിവേഴ്‌സിറ്റി ടീം മാത്രമാണെന്ന് മലയാളി ആരാധകരും അറിഞ്ഞത്. ഇതോടെ സ്വന്തം ആരാധകര്‍ തന്നെ ടീമിനെ ട്രോളി രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് സച്ചിനും ടീമിനെ കൈയ്യൊഴിയുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

എന്നാല്‍ ഐഎസ്എല്ലില്‍ വമ്പന്‍ ആരാധകപ്പട സ്വന്തമായുളള ബ്ലാസ്റ്റേഴിസിനും പരിശീലകന്‍ ഡേവിഡ് ജെയിംസിനും ഈ സീസണ്‍ നിര്‍ണായകമാണ്. എന്തുവില കൊടുത്തും സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുളള ശ്രമത്തിലാണ് കേരളബ്ലാസ്റ്റേഴ്‌സ്. ഇപ്പോള്‍ തായ്‌ലന്‍ഡില്‍ പ്രീ സീസണ്‍ പരിശീലനത്തിലാണു ടീം. സെപ്റ്റംബര്‍ 29-ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഈ സീസണിലെ ആദ്യമത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എ.ടി.കെയെ നേരിടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top