ഒക്ലഹോമ: സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന്റെ മുഖത്ത് വീടിന്റെ വാതിലില്‍ ഇരുന്ന പാമ്പ് കൊത്തി. ഡോര്‍ബെല്ലില്‍ ചുറ്റിയിരുന്ന പാമ്പാണ് സുഹൃത്ത് റോഡ്നീ കോപ്ലാന്ഡിന്റെ വീട്ടിലേക്ക് കയറാന്‍ തുടങ്ങിയ ജെറെല് ഹെയ്വുഡ് എന്ന യുവാവിന്റെ മുഖത്ത് ആഞ്ഞുകൊത്തിയത്. അമേരിക്കയിലെ ഒക്ലഹോമയില്‍ ലോട്ടണിലായിരുന്നു സംഭവം.
അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഭയന്നുപോയ ജെറെല് നിലവിളിച്ചുകൊണ്ട് ഓടി. ഉടന്‍തന്നെ സുഹൃത്തും ഭാര്യയും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക പരിശോധനയില്‍ വിഷമില്ലാത്ത ഇനം പാമ്പാണ് കൊത്തിയതെന്ന് വ്യക്തമായി.
ഇതാദ്യമായാണ് തന്റെ വീട്ടില്‍ പാമ്പ് കയറുന്നതെന്നും ആക്രമിക്കാന്‍ വരുന്നയാളെന്ന് കരുതിയാകാം ആക്രമിച്ചതെന്നും വീട്ടുടമ പറയുന്നു.