കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയേറ്ററുകളില്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെയാണ് ലൂസിഫറിന്റെ വരവിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കേരളത്തില്‍ മാത്രം 400 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മറ്റു തെന്നിന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ വിദേശരാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യുന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി ഫാന്‍സ് ഷോകളും സംഘടിപ്പിക്കുന്നുണ്ട്.
പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നേടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ ആണ് മോഹന്‍ലാല്‍ എത്തുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ലൂസിഫറിലെ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പൃഥ്വിരാജ് കൂടി ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
മുരളി ഗോപി കഥയും തിരക്കഥയും എഴുതി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ടൊവിനോ തോമസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, ബാല, ശിവജി ഗുരുവായൂര്‍, സായി കുമാര്‍, സാനിയ അയ്യപ്പന്, നൈല ഉഷ തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന താരങ്ങള്‍.