കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് മലയാളികള്‍ക്ക് ഒരു ശീലമായി മാറിക്കഴിഞ്ഞു. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള വസ്തുക്കളുടെ വില മാറിമറയുന്നത് ദിവസങ്ങളുടെ ഇടവേളകളിലാണ്. പച്ചക്കറികളുടെ വിലയാണ് ഉറപ്പിക്കാനാവാതെ ആടിയുലയുന്നത്.
എന്നാല്‍ ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത് നാടന്‍ മുളകിന്റെ വില വര്‍ദ്ധനയാണ്. ഒരു കിലോ ഉണ്ട മുളകിന് വില 450 രൂപ വരെയെത്തി. നേരത്തെ 50 രൂപയ്ക്ക് ഒരു കിലോ മുളക് കിട്ടിയിരുന്ന സ്ഥാനത്താണ് ഈ വില വര്‍ദ്ധന.
30 രൂപ നല്കിയാല് അഞ്ചു മുളക് പോലും ചെറുകിട കച്ചവടക്കാരില്‍ നിന്നു കിട്ടാത്ത അവസ്ഥയായി. തമിഴ്നാട്ടില്‍ നിന്ന് എത്തുന്ന മുളകിനേക്കാള്‍ എരിവ് കൂടുതലായതിനാലാണ് നാടന്‍ മുളകിന് ഡിമാന്റ് കൂടുന്നത്.