തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ ബിജെപി നടത്തി വരുന്ന സമരം ശക്തമാക്കുന്നു. ഭക്തരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്നെന്ന ആരോപണമുന്നയിച്ചുള്ള ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള ഇന്ന് നടത്തുന്ന നിരാഹാര സമരം ഡി.ജി.പി ഓഫിസിനു മുന്നില്‍ തുടരുകയാണ് .
ബിജെപി എല്ലാ ജില്ലകളിലും എസ്.പി ഓഫിസ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ ദേവസ്വംബോര്‍ഡ് യോഗം ഇന്നു ബോര്‍ഡ് ആസ്ഥാനത്തു ചേരുന്നുണ്ട്, രാവിലെ പത്തു മണിക്കുചേരുന്ന യോഗത്തിന്റെ പ്രധാന അജണ്ട മണ്ഡലകാല തീര്‍ഥാടന ഒരുക്കങ്ങളുടെ വിലയിരുത്തല്‍ ആണ്.
ചിത്തിര ആട്ടത്തിനായി നവംബര്‍ അഞ്ചിന് ഒറ്റ ദിവസത്തേക്ക് ശബരിമല നട തുറക്കുമ്പോള്‍ സംസ്ഥാന വ്യാപക ജാഗ്രതക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നാം തീയതി മുതല്‍ ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വനിത പൊലീസ് അടക്കം ആയിരത്തി അഞ്ഞൂറിലേറെ പൊലീസിനെ വിന്യസിക്കും. പമ്പയുടെ ചുമതലയില്‍ ഐ.ജി. എസ്. ശ്രീജിത്തിന് പകരം എം.ആര്. അജിത് കുമാറിനെ നിയോഗിച്ചു.