ഇന്ന് ലോക മാതൃദിനം. മാതൃത്വത്തേയും മാതാവിനേയും പ്രകീര്‍ത്തിക്കാന്‍ ലോകം തെരഞ്ഞെടുത്ത ദിവസം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആഘോഷിച്ചു വരുന്നത്. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് പ്രധാനമായും മാതൃദിനമായി ആഘോഷിക്കുന്നത്. പുരാതന ഗ്രീക്കിലാണ് ആദ്യമായി മദേഴ്സ് ഡേ ആഘോഷിച്ചു തുടങ്ങിയത്. നൂറ്റാണ്ടുകളായി ഇന്ത്യയിലും മാതൃദിനം ആഘോഷിച്ചു വരുന്നു.
അമ്മയെന്ന സത്യത്തെ ഓര്‍ക്കാത്ത ദിവസങ്ങള്‍ മക്കളുടെ ജീവിതത്തില്‍ ഉണ്ടാകില്ല. അമ്മ നല്കുന്ന സ്നേഹവും കരുതലും ലാളനയും എത്ര ഉയരങ്ങളിലെത്തിയാലും മാഞ്ഞുപോകില്ല. പ്രായം കൊണ്ട് മക്കള്‍ എത്ര വളര്‍ന്നാലും അമ്മയ്ക്ക് അവര്‍ എന്നും കുഞ്ഞുങ്ങളാണ്. മക്കളുടെ വളര്‍ച്ചയില്‍ അമ്മയ്ക്ക് പകരം വെയ്ക്കാന്‍ ആര്‍ക്കും കഴിയില്ല.
അമ്മയെ ഓര്‍ക്കാന്‍ വേണ്ടി മാത്രമല്ല മാതൃദിനം ആഘോഷിക്കപ്പെടേണ്ടത്. വര്‍ഷത്തില്‍ ഒരു ദിവസം അവര്‍ക്ക് വേണ്ടി മാത്രം മാറ്റി വെക്കുകയാണ്. അതില്‍ നിന്ന് ഒരമ്മയ്ക്ക് കിട്ടുന്ന സന്തോഷം വിലമതിക്കാനാവില്ല.
എന്നാല്‍ ഇന്ന് കാലം മാറി. ചിന്താഗതികളും. കാലഘട്ടങ്ങള്‍ മാറിയപ്പോള്‍ മാതൃദിനത്തില്‍ അമ്മയെ കാണാന്‍ വൃദ്ധസദനത്തില്‍ പോകേണ്ട അവസ്ഥയാണ്. ആഘോഷിക്കാന്‍ മാത്രമായി മാതൃദിനത്തെ ഒതുക്കി നിര്‍ത്താതെ അമ്മയെ ആദരിക്കാനും അവരെ വാര്‍ദ്ധക്യത്തില്‍ ചേര്‍ത്തു നിര്‍ത്താനും ഓരോ മക്കള്‍ക്കും കഴിയണം. അതുമതി ഓരോ മാതൃത്വത്തിനും.