തോമസ്ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ കേസില്‍ ആര് ഹാജരാവണമെന്നത് സംബന്ധിച്ച തര്‍ക്കം തുടരുന്നതിനിടെ സ്റ്റേറ്റ് അറ്റോര്‍ണി തന്റെ കീഴില്‍ തന്നെയെന്ന് ആവര്‍ത്തിച്ച് അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദിന്റെ ഓഫീസ് രംഗത്ത്. കേസ് ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നത് താനാണെന്നും എ.ജി ആവര്‍ത്തിച്ചു. സ്റ്റേറ്റ് അറ്റോര്‍ണി തന്റെ കീഴില്‍ വരുന്നതാണെന്ന് ചട്ടങ്ങളില്‍ വ്യക്തമാക്കുന്നുണ്ടെന്നും എ.ജി വ്യക്തമാക്കി.
മാര്‍ത്താണ്ഡം കായല്‍ കൈയേറിയത് സംബന്ധിച്ച മന്ത്രി തോമസ് ചാണ്ടിക്കെതിരായി ഹൈക്കോടതിയിലെ കേസില്‍ അഡ്വക്കേറ്റ് ജനറലിന് കീഴിലുള്ള അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന് ഹാജരാകുന്നതാണ് തങ്ങളുടെ താത്പര്യമെന്നാണ് റവന്യൂ മന്ത്രി കത്തെഴുതിയിരുന്നത്. ഇതാണ് എ.ജി തള്ളിയത്. തന്റെ തൊട്ടു കീഴിലുള്ള ലാ ഓഫീസറെ ഒഴിവാക്കി കീഴിലല്ലാത്ത ലാ ഓഫീസറെ കേസ് നടത്താന്‍ ഏല്പിച്ച ശേഷം വിവേചനാധികാരത്തെക്കുറിച്ച് അഡ്വക്കേറ്റ് ജനറല്‍ പറയുന്നതില്‍ കഴമ്പില്ലെന്നാണ് എ.ജിക്കെതിരായ വാദം.