കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ വി ഐ പിയെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. കോട്ടയം സ്വദേശിയായ വ്യവസായിയെന്നാണ് സൂചന. ക്രൈം ബ്രാഞ്ച് സംഘം കാണിച്ച മൂന്ന് ഫോട്ടോകളിൽ നിന്നാണ് ബാലചന്ദ്ര കുമാർ വി ഐ പിയെ തിരിച്ചറിഞ്ഞത്. ഇക്കാര്യം സ്ഥിരീകരിക്കാൻ ശബ്ദ സാമ്പിൾ പരിശോധന നടത്തും.
ഇതിനിടെ നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന കേസിലും ദിലീപിനെ ഉടൻ ചോദ്യം ചെയ്യും. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് . കേസിൽ പൾസർ സുനിയുടെ അമ്മയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. ഇരുപതാം തിയതി ആണ് തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി.