ഇടുക്കി പൈനാവ് എന്‍ജിനിയറിങ്ങ് കോളജില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘമെന്ന് എസ്എഫ്ഐ.തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായിരുന്നു. ക്യാമ്പസിന് പുറത്തേക്ക് പോകുന്നതിനിടെ കത്തിയുമായി എത്തിയ സംഘം വളരെ ആസൂത്രിതമായി കൊല നടത്തുകയായിരുന്നെന്ന് എസ്എഫ്ഐ പറയുന്നു. അകത്ത് യാതൊരുവിധ സംഘര്‍ഷങ്ങളും ഉണ്ടായിരുന്നില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ ജലജ പറഞ്ഞു.
ക്യാമ്പസിൻ്റെ ഗേറ്റിന് പുറത്തുവച്ചാണ് ധീരജ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ പുറത്തുനിന്നെത്തിയ ആളുകളെന്നാണ് അറിയാന്‍ കഴിഞ്ഞത്. തെരഞ്ഞെടുപ്പ് ആയതിനാല്‍ ക്യാമ്പസിൽ പൊലീസിന്റെ സാമീപ്യം ഉണ്ടായിരുന്നു. അകത്ത് കാര്യങ്ങള്‍ സമാധാനപരമായിരുന്നെന്നും സമീപകാലത്തൊന്നും യാതൊരു സംഘര്‍ഷവും ഉണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഇതെന്ന് സിപിഎം ജില്ല സെക്രട്ടറി പറഞ്ഞു. ചങ്കിലും നെഞ്ചിനുമാണ് കുത്തേറ്റത്. ഹൃദയത്തിനേറ്റ കുത്താണ് മരണത്തിന് കാരണമായതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
കോളേജ് തെരഞ്ഞെടുപ്പിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ആയിരുന്നു ആക്രമണം. കുത്തേറ്റ രണ്ടുപേരെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.
അതേ സമയം സംഭവത്തില്‍ സാങ്കേതിക സര്‍വലാശാല റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി എടുക്കുമെന്ന് പിവിസി ഡോ. അയൂബ് പ്രതികരിച്ചു. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന് ദേവ് അറിയിച്ചു. സംഭവത്തില്‍ ചെറുതോണി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.