Breaking News

ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. തുടര്‍ന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്നു. 12 മണിക്കൂറായി തോരാത്ത മഴയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ടിബി ജങ്ഷനില്‍ ദേശീയപാതയില്‍ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു നദിയിയിലേക്ക് താഴ്ന്നു. ഒരുവശത്തുകൂടി മാത്രമാണ് വാഹനം കടത്തിവിടുന്നത്. ഗതാഗതം ഭാഗികമായി തടസപ്പെടും. 
 
വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞൊഴുകുന്നു. സമീപത്തെ കടകളില്‍ വെള്ളം കയറി. കോവളം വാഴമുട്ടത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആളുകള്‍ ഇറങ്ങി ഓടിയതുകൊണ്ടാണ് അപകടം ഒഴിവായത്.  വാമനപുരം നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. വിതുര പൊന്‍മുടി പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. 

വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം ഇന്ന് വീണ്ടും തുറന്നേക്കുമെന്ന് ജില്ലാ കളക്ടറുടെ കാര്യാലയം അറിയിച്ചു. ഇന്ന് വൈകിട്ട് നാല് മണിയ്‌ക്ക് ശേഷമോ നാളെ രാവിലെയോ ഡാം തുറന്നേക്കും. ജലനിരപ്പ് 2399.03 എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിച്ച്‌ നല്‍കി.

നിലവില്‍ 2398.38 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഇതോടെ ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top