Breaking News

കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂർവമായ ഉത്ര വധക്കേസിൽ ഇന്ന് വിധി

കൊല്ലം: രാജ്യത്തെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂർവമായ അഞ്ചൽ ഉത്ര വധക്കേസിൽ തിങ്കളാഴ്ച കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി വിധി പറയും. 2020 മേയ് ഏഴിനാണ് അഞ്ചൽ ഏറം വെള്ളശ്ശേരിൽവീട്ടിൽ ഉത്രയെ (25) സ്വന്തംവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്.

പാമ്പുകടിച്ചത് സർപ്പകോപമാണെന്നു വരുത്തിത്തീർക്കാനും പ്രതി ശ്രമിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസ് അത്യപൂർവമാകുന്നത് കൊലപാതകം നടപ്പാക്കാനുള്ള പ്രതിയുടെ കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കേയാണ് കേസുവിസ്താരം പൂർത്തിയാക്കിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്നുസാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സി.ഡി.കളും ഹാജരാക്കുകയും ചെയ്തു. സൂരജിന് പാമ്പുകളെ നൽകിയതായി മൊഴിനൽകിയ ചാവർകാവ് സുരേഷിനെ ആദ്യം പ്രതിയും പിന്നീട് ഒന്നാംസാക്ഷിയുമാക്കി.”അന്വേഷണസംഘം മൂർഖൻ പാമ്പിനെ ഉപയോഗിച്ച് നടത്തിയ ഡമ്മി പരീക്ഷണവും പാമ്പിന്റെ പോസ്റ്റ്മോർട്ടവും നിർണായക തെളിവാകും. പ്രതി സൂരജ് പാമ്പിനെക്കൊണ്ട് രണ്ടുതവണ കടിപ്പിച്ചതിന്റെ മുറിപ്പാടുകൾ തമ്മിലുള്ള അകലം തെളിയിക്കാനാണ് ഡമ്മി പരീക്ഷണം നടത്തിയത്. സൂരജ് മൂർഖൻ പാമ്പിന്റെ തലയിൽ പിടിച്ച് ഉത്രയെ കടിപ്പിച്ചതാണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ഡമ്മി പരീക്ഷണം സഹായകമായതായി അന്വേഷണസംഘം പറയുന്നു.

 

ഉത്രയുടെ ഉയരത്തിലും ഭാരത്തിലുമുള്ള ഡമ്മി തയ്യാറാക്കി, അതിൽ കോഴിയിറച്ചി കെട്ടിവെച്ച് മൂർഖനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നു. സാധാരണ മൂർഖൻ കടിച്ചാൽ, പല്ലുകൾ തമ്മിലുള്ള അകലം 1.7 സെന്റീമീറ്ററേ ഉണ്ടാകൂ. പാമ്പിനെ തലയിൽ പിടിച്ച് കടിപ്പിക്കുമ്പോൾ ഇത് 2.8 സെന്റീമീറ്റർവരെയാകും. ഉത്രയുടെ ശരീരത്തിലെ മുറിവുകളുടെ വ്യത്യാസം യഥാക്രമം 2.5-ഉം 2.8-ഉം സെന്റീമീറ്ററായിരുന്നു. പാമ്പിനെ തലയിൽ പിടിച്ച് കടിപ്പിച്ചാൽമാത്രമേ ഇത്രയും അകലത്തിൽ മുറിവുണ്ടാകൂ.

 

ഡമ്മി പരീക്ഷണത്തിലൂടെ, ഉത്രയെ മൂർഖന്റെ തലയിൽ പിടിച്ച് കടിപ്പിച്ചെന്ന് അന്വേഷണസംഘം ശാസ്ത്രീയമായി തെളിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലായ് അവസാനവാരം കുളത്തൂപ്പുഴ അരിപ്പയിലെ വനംവകുപ്പിന്റെ പരിശീലനകേന്ദ്രത്തിൽവെച്ചാണ് അന്നത്തെ കൊല്ലം റൂറൽ എസ്.പി. ഹരിശങ്കറിന്റെ നേതൃത്വത്തിൽ ഡമ്മി പരീക്ഷണം നടത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top