തിരുവനന്തപുരം: രാജ്യത്ത് കര്‍ഷകസംഘടനകള്‍ ഭാരത്ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു.രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ഹര്‍ത്താലിന് എല്‍ഡിഎഫും ദേശീയ പണിമുടക്കിന് യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാല്, പത്രം, ആംബുലന്‍സ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി അത്യാവശ്യസര്‍വീസുകള്‍ മാത്രമാകും നടത്തു. സാധാരണസര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ആശുപത്രികള്‍,റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാനപാതയില്‍ പരിമിതമായ ലോക്കല്‍ സര്‍വീസുകള്‍ പൊലീസ് അകമ്പടിയോടെ മാത്രം അയക്കും.
വൈകീട്ട് ആറുമണിക്കുശേഷം ദീര്‍ഘദൂരം ഉള്‍പ്പെടെ എല്ലാ സര്‍വീസുകളും ആരംഭിക്കും. യാത്രക്കാരുടെ തിരക്കുണ്ടെങ്കില് അധിക ദീര്‍ഘദൂര സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
വാഹനങ്ങള്‍ പൊതു നിരത്തിലിറക്കരുതെന്നും വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിട്ടും ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സമരസമിതി അഭ്യര്‍ഥിച്ചു. ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് എല്‍ഡിഎഫ്. കണ്‍വീനര്‍ എ വിജയരാഘവനും ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നും സമരസമിതി ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു