കോട്ടയം:അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞ ലോറി കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ചത് തടഞ്ഞ് മാണി സി കാപ്പന്. സൗമ്യനായ എംഎല്‍എയുടെ പെട്ടെന്നുള്ള രോഷഭാവം കണ്ട് നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ഞെട്ടി.
കഴിഞ്ഞദിവസം കാഞ്ഞിരംകവലയിലാണ് സംഭവമുണ്ടായത്. നിയന്ത്രണംവിട്ട ടോറസ് ലോറി ഇടിച്ചുകയറി കൊച്ചോലിമാക്കല്‍ മേഴ്സിയുടെ വീട് തകര്‍ന്നു. ഇതിന്റെ നഷ്ടപരിഹാരം സംബന്ധിച്ച് ലോറി ഉടമകളുമായി ചര്‍ച്ച ചെയ്യാനാണ് മാണി സി കാപ്പന് സ്ഥലത്തെത്തിയത്. എന്നാല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ലോറി കടത്താന്‍ ഉടമകള്‍ ശ്രമിച്ചു. ഇതോടെ മാണി സി കാപ്പന് നാടന്‍രീതിയില്‍ മുണ്ട് മടക്കിക്കുത്തി ടോറസിന്റെ ഡോര്‍ തുറന്ന് താക്കോല്‍ വലിച്ചൂരുകയായിരുന്നു.
ഇതോടെ ലോറിയുടമകളും പിന്‍വാങ്ങി.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വീടിന് നഷ്ടപരിഹാരം നല്കാന് ലോറിയുടമകള്‍ തയ്യാറാവുകയായിരുന്നു. വീടിനുണ്ടായ നഷ്ടം മേലുകാവ് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, ഇന്‍ഷൂറന്‍സ് കമ്ബനി ഉദ്യോസ്ഥര്‍ ചേര്‍ന്ന് വിലയിരുത്തും. ഏകദേശം 20 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചെന്നാണ് നിഗമനം. മാത്രമല്ല, ലോറിയിടിച്ച് തകര്‍ന്ന രണ്ടു ബൈക്കുകളുടെയും കാറിന്റെയും ഇന്‍ഷൂറന്‍സ് തുകയ്ക്ക് പുറമെയുള്ള തുകയും ടോറസ് ഉടമ നല്‍കണം. വീട് നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ മേഴ്സിയും കുടുംബവും താമസിക്കുന്ന വീടിന്റെ വാടകയും ഇവര്‍ നല്‍കാമെന്നും ചര്‍ച്ചയില്‍ തീരുമാനമായി.