Breaking News

പ്രിൻസിപ്പലിനെ പരീക്ഷാ ചുമതലയിൽ നിന്ന് മാറ്റി,കോളേജിന് വീഴ്ച പറ്റി;ഇടക്കാല റിപ്പോർട്ട്

കോട്ടയം: കോട്ടയത്ത് അഞ്ജു ഷാജി പുഴയിൽ മുങ്ങി മരിക്കാനിടയായ സംഭവത്തിൽ ബി വി എം കോളേജിന് വീഴ്ച പറ്റിയെന്ന് എംജി സർവകലാശാല ഇടക്കാല റിപ്പോർട്ട്. പരീക്ഷ പേപ്പർ വാങ്ങിയ ശേഷം വിദ്യാർഥിനിയെ പരീക്ഷാഹാളിൽ  32 മിനിറ്റിൽ കൂടുതൽ ഇരുത്തി. പരീക്ഷ ചീഫ് സൂപ്രണ്ട് കുട്ടിയെ വിളിച്ച് കൊണ്ട് പോയി മൊഴി എടുത്തില്ല.

പ്രിൻസിപ്പലിനെ പരീക്ഷാ ചുമതലയിൽ നിന്ന് മാറ്റി. ചിഫ്‌ സൂപ്രണ്ട് പദവിയില് നിന്നും മാറ്റും.ഹാൾടിക്കറ്റ്,പരീക്ഷ പേപ്പർ എന്നിവയുടെ ഫോട്ടോ കോപ്പി മാത്രമാണ് കോളേജിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ഒറിജിനൽ കിട്ടുന്ന മുറയ്ക്ക് അത് പരിശോധിക്കും. വിദ്യാർഥിനിയുടെ ഒപ്പം ഇരുന്ന് പരീക്ഷ എഴുതിയ കുട്ടിയുടെ മൊഴിയും ബാക്കി പരീക്ഷകൾ തീർന്ന ശേഷം എടുക്കും.

പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങൾ രഹസ്യമാക്കി വെക്കേണ്ടതാണ്. സർവകലാശാലയ്ക്കാണ് അത് ആദ്യം കൈമാറേണ്ടത്. പൊതുജനത്തിന് കൈമാറാൻ പാടില്ലാത്തതായിരുന്നു. അതുപോലെ ക്രമക്കേട് വരുത്തിയ ഹാൾ ടിക്കറ്റ് യൂണിവേഴ്സിറ്റിക്കാണ് നൽകേണ്ടിയിരുന്നതെന്നും എം ജി സർവകലാശാല വൈസ് ചാൻസലർ പറഞ്ഞു . കോളേജ് വിഷയം ഗൗരവത്തിലെടുത്തില്ല. സംഭവം നടന്ന അന്നുവൈകീട്ട് ഏഴുമണിയ്ക്കും ഏഴരയ്ക്കും ഇടയിൽ ബിവിഎം കോളേജ് വൈസ് പ്രിൻസിപ്പൽ റിപ്പോർട്ട് തന്നിരുന്നു. ഹാൾ ടിക്കറ്റിന്റെ ഫോട്ടോകോപ്പി അടക്കമാണ് റിപ്പോർട്ട് നൽകിയത്.

പരീക്ഷാകേന്ദ്രങ്ങൾ കുറച്ചുകൂടി വിദ്യാർഥി സൗഹൃദമാക്കേണ്ടതുണ്ട്. ഭാവിയിൽ ഇത്തരം സംഭവമുണ്ടായാൽ മാതാപിതാക്കളെ അറിയിക്കുന്ന രീതിയുണ്ടാകണം. സർവകലാശാല പരീക്ഷകളിൽ നവീന രീതികൾ ആരംഭിക്കേണ്ട കാലമായി. ഹാൾടിക്കറ്റിന്റെ ആവശ്യമില്ല, ഇലക്ട്രോണിക് മീഡിയയിലൂടെ നമുക്ക് അത് ചെയ്യാൻ സാധിക്കും. ഇത്തരം കാര്യങ്ങൾ സിൻഡിക്കേറ്റ് ചർച്ച ചെയ്യുമെന്നും വിസി അറിയിച്ചു.

അഞ്ജുവിന്റെ മരണത്തിൽ ഇടക്കാല റിപ്പോർട്ടാണ് നിലവിൽ സർവകലാശാല പുറത്തിറക്കിയിരിക്കുന്നത്. വിശദമായ റിപ്പോർട്ട് പിന്നീട് ലഭിക്കും.

വാർത്താ സമ്മേളനം നടത്തിയാണ് എംജി സർവകലാശാല വൈസ് ചാൻസലറും അധ്യാപകരും ഇക്കാര്യങ്ങൾ പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top