Breaking News

ലോക്ക്ഡൗൺ തുടരുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: തീവ്രബാധിത മേഖലകളിൽ ലോക്ക്ഡൗൺ തുടരേണ്ടി വരുമെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യത്യസ്ത മേഖലകളിൽ വ്യത്യസ്ത നിലപാട് ആയിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗവ്യാപനം കുറഞ്ഞ ഇടങ്ങളിൽ കൂടുതൽ ഇളവുകൾ നൽകും.മേഖലകൾ തിരിച്ച് ആവും നിയന്ത്രണങ്ങളും ഇളവുകളും എന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരും ആയി നടത്തിയ വീഡിയോ കോൺഫറൻസിൽ പറഞ്ഞു.

രാജ്യമൊട്ടാകെ ഒരുമിച്ച്‌ ലോക്ക്ഡൗണില്‍ തുടരുന്ന ഈ സാഹചര്യം മാറ്റി ഹോട്ട്സ്പോട്ടുകളില്‍ ലോക്ക്ഡൗണ്‍ തുടര്‍ന്ന്, മറ്റ് മേഖലകള്‍ക്ക് ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കാനാണ് കേന്ദ്രനീക്കമെന്നാണ് സൂചന. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ച്‌ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചേക്കും.

ഇതിനായി പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും. എന്നാല്‍ രോഗവ്യാപനം തടയാനുള്ള കര്‍ശനമായ നടപടികളുണ്ടാകും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളെല്ലാം പരിഗണിച്ച്‌ അന്തിമതീരുമാനം പിന്നീട് പ്രഖ്യാപിക്കും.

ലോക്ക്ഡൗണ്‍ ഒരു മാസം നീട്ടണമെന്നാണ് ഒഡിഷ ആവശ്യപ്പെട്ടത്. രാജ്യത്തെ ലോക്ക്ഡൗണില്‍ ചെറിയ ഇളവുകള്‍ നല്‍കുമ്ബോള്‍ത്തന്നെ കേസുകളില്‍ കുത്തനെ വര്‍ദ്ധനയുണ്ടാകുന്നുണ്ട്. ഇത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും ഒഡിഷ

ആവശ്യപ്പെട്ടു. ഇന്ന് സംസാരിച്ച നാല് മുഖ്യമന്ത്രിമാര്‍ ലോക്ക്‍ഡൗണ്‍ പിന്‍വലിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലെല്ലാം മെയ് – 3 ന് ശേഷവും ലോക്ക്ഡൗണ്‍ തുടരണമെന്നായിരുന്നു മേഘാലയയുടെ നിലപാട്.

രാവിലെ പത്ത് മണിക്കാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തുടങ്ങിയത്. ഇന്ന് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംസാരിക്കാന്‍ അവസരമില്ല എന്നതിനാല്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തില്‍ പങ്കെടുത്തത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തിന് മുന്നോടിയായി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ വിളിക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ യോഗത്തില്‍ നിലപാടെടുത്തത്. ഇതേ നിലപാട് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ അമിത് ഷായോട് ആവര്‍ത്തിക്കുകയും ചെയ്തു.

എന്നാല്‍ അതിഥിത്തൊഴിലാളികളുടെ കാര്യത്തിലാണ് പല സംസ്ഥാനങ്ങള്‍ക്കും ആശങ്ക നിലനില്‍ക്കുന്നത്. സ്വന്തം സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ അതിഥിത്തൊഴിലാളികളെ ബസ്സുകളയച്ച്‌ തിരികെ കൊണ്ടുവരുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, രാജസ്ഥാനില്‍ നിരവധി കോച്ചിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരാനായി യുപി ബസ്സുകളയക്കുകയും ചെയ്തു. അപ്പോള്‍ത്തന്നെ ഇതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആ വിമര്‍ശനം ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തിലും ആവര്‍ത്തിച്ചു. ഉത്തര്‍പ്രദേശ്

ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചുവെന്നാണ് ബിഹാര്‍ യോഗത്തില്‍ ആരോപിച്ചത്. നേരത്തേ കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പടെ അതിഥിത്തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിനെതിരെ നിലപാടെടുത്തിരുന്നു. രോഗവ്യാപനം പടരാനുള്ള സാധ്യതയുണ്ടെന്നും, ഇത് ഒഴിവാക്കാന്‍ ജാഗ്രത വേണമെന്നും നിതിന്‍ ഗഡ്കരി ഇന്നലെ വ്യക്തമാക്കിയിരുന്നതുമാണ്.

നേരത്തേതന്നെ ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ തുടരണമെന്ന നിലപാട് ഏഴ് സംസ്ഥാനങ്ങള്‍ സ്വീകരിച്ചെങ്കിലും

ആ നിര്‍ദേശം നിലവില്‍ രാജ്യത്തിന്‍റെ സാമ്ബത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിലയിരുത്തല്‍. പലയിടങ്ങളിലും നിലവില്‍ മേഖല തിരിച്ച്‌ കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സാമ്ബത്തിക സ്ഥിതിയില്‍ ആശങ്ക വേണ്ട എന്നാണ് ഇന്നത്തെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്.

എന്നാല്‍ നിലവില്‍ പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിലെ ചില ചട്ടങ്ങളെങ്കിലും ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോഗത്തില്‍ പറഞ്ഞു. ഇത് അനുവദിക്കാനാകുന്നതായിരുന്നില്ല.

ഒരു കാരണവശാലും ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിക്കരുതെന്നും അമിത് ഷാ യോഗത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, കൊവിഡ് പ്രതിരോധത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തില്‍ തടസ്സപ്പെടരുതെന്ന നിര്‍ദേശവും പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ മുന്നോട്ടുവച്ചു. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനാല്‍ മിക്ക ആശുപത്രികളിലും മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സ തേടിയവര്‍ ബുദ്ധിമുട്ടിലാകുകയാണ്. ഇത് പാടില്ല. കൊവിഡിനായി സജ്ജീകരിച്ച പ്രത്യേക ആശുപത്രികളില്‍ മാത്രം കൊവിഡ് രോഗികളെ സജ്ജീകരിക്കണം. മറ്റുള്ള പ്രവര്‍ത്തനങ്ങള്‍

സാധാരണനിലയ്ക്ക് നടക്കണം – മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒപ്പം വെന്‍റിലേറ്ററുകളുടെ എണ്ണം സംസ്ഥാനങ്ങള്‍ കൂട്ടണമെന്നും, ഇതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒപ്പം പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ പിന്‍വലിക്കുമോ ഇല്ലയോ എന്നതില്‍ ഒരു അന്തിമതീരുമാനം ഇനിയും പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. അത് പിന്നീട് ഉന്നത ഉദ്യോഗസ്ഥരുടെയക്കം നിലപാട് തേടിയാകും തീരുമാനിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top