കിൽപ്പുക്: അസ്ഥിരോഗത്തെ തുടര്‍ന്ന് നടി ചാര്‍മിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയെത്തിയതെന്നും അവരെ സഹായിക്കാന്‍ ആരും കൂടെയില്ലെന്നും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സോഫ്റ്റ്വെയര് എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാര്‍മിള ജീവിച്ചു വരികയായിരുന്നു. രോഗബാധിതയായ അമ്മയും ചാര്‍മിളയക്കൊപ്പമാണ് കഴിയുന്നത്. അതിനിടെ വിക്രമാദിത്യന് എന്ന സിനിമയിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ പിന്നീട് അധികം വേഷങ്ങള്‍ ലഭിച്ചില്ല. തമിഴ് നടന് വിശാലാണ് ചാര്‍മിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്.
മലയാളസിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്ന ചാര്‍മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം ചാര്‍മിള തന്നെ അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.