തിരുവനന്തപുരം: നെടുമങ്ങാട് നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മീര (16)യുടെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ കാരാന്തല കുരിശടിയില്‍ മഞ്ജുവിനെയും (39) കാമുകന് ഇടമല സ്വദേശി അനീഷിനെയും (32) ഇന്നലെ തമിഴ്നാട്ടില്‍ നിന്ന് നെടുമങ്ങാട് പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കിണറ്റിലുണ്ടെന്ന് അറിഞ്ഞത്. മൃതദേഹത്തിന് 19 ദിവസം പഴക്കമുണ്ട്.
പെണ്‍കുട്ടിയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ ശേഷം ഇവര്‍ കടന്നുകളഞ്ഞതാണെന്ന് പൊലീസ് സംശയിക്കുന്നു. കുട്ടി ആത്മഹത്യ ചെയ്തതോടെ തങ്ങള്‍ നാടുവിടുകയായിരുന്നുവെന്ന് അമ്മയും കാമുകനും പറയുന്നുണ്ടെങ്കിലും അത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കരിപ്പൂര്‍ സ്കൂളില്‍ നിന്ന് ഈ വര്‍ഷം എസ്.എസ്.എല്‍.സി മികച്ചനിലയില്‍ പാസായ പെണ്‍കുട്ടിയാണ് ദാരുണമായി മരണപ്പെട്ടത്. മകള്‍ തമിഴ്നാട്ടിലേക്ക് ഒളിച്ചോടിപോയെന്നും അവളെ തിരക്കി തിരുപ്പതിയിലേക്ക് പോവുകയാണെന്നും വീട്ടുകാരോട് പറഞ്ഞശേഷമാണ് അമ്മ പോയതെന്ന് അയല്‍ക്കാര്‍ പറയുന്നു. പോലീസില്‍ വിവരം അറിയിക്കേണ്ട എന്നും വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും വിവരം ലഭിക്കാതെ വന്നതോടെയാണ് മുത്തച്ഛനും മുത്തശ്ശിയും പോലീസിനെ സമീപിച്ചത്. കുട്ടി സ്വയം കിണറ്റില്‍ ചാടിയതാണെന്ന് കരുതുന്നില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും അയല്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെയാണ് മകള്‍ തൂങ്ങി മരിച്ചുവെന്ന് പോലീസിനോട് അമ്മ പറഞ്ഞത്. മൃതദേഹത്തിന് 18 ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പതിനൊന്നാം തീയതിയാണ് പെണ്‍കുട്ടിയെ കാണാതായത്. 17നാണ് പരാതി ലഭിച്ചത്. തിരിച്ചറിയാന്‍ കഴിയാത്ത വിധം ജീര്‍ണ്ണിച്ച അവസ്ഥയിലാണ് മൃതദേഹം. ഡി.എന്‍.എ പരിശോധന അടക്കം നടത്തേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു.