Breaking News

നടി കെപിഎസി ലളിത അന്തരിച്ചു

നടി കെപിഎസി ലളിത(74) അന്തരിച്ചു.ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.. കൊച്ചിയിലെ മകന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറനൂറിലേറെ സിനിമയില്‍ നിറഞ്ഞാടിയ ജീവിതമാണ് ലളിതയുടെത്.

കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചലച്ചിത്ര നടനാണ്.

ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. പിതാവ് കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായര്‍, മാതാവ് ഭാര്‍ഗവി അമ്മ. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു.ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സിയില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്‌കരണത്തിലാണ്.

അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം ഗോഡ്ഫാദര്‍,സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി.

പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്‌ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്‌സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്‍മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്‍മണിയിലെ മാളവിക അങ്ങനെ നിരവധി ശ്രദ്ധേമായ വേഷങ്ങളിലൂടെ ജനഹൃദയം കവര്‍ന്നു.

സിനിമയില്‍ ലളിതയുമായി ഏറ്റവും രസതന്ത്രമുണ്ടായിരുന്നത് നടന്‍ ഇന്നസെന്റിനായിരുന്നു. ഗജകേസരിയോഗം, അപൂര്‍വ്വം ചിലര്‍, കോട്ടയം കുഞ്ഞച്ചന്‍, മക്കള്‍ മാഹാത്മ്യം, ശുഭയാത്ര, മൈഡിയര്‍ മുത്തച്ഛന്‍, താറാവ്, മണിച്ചിത്രത്താഴ്, കള്ളനും പോലീസും, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, പാവം പാവം രാജകുമാരന്‍, ഗോഡ്ഫാദര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ഇരുവരും സ്‌ക്രീനിലെ പ്രിയ താരജോടിയായി.

കാതലുക്ക് മര്യാദൈ, മണിരത്‌നത്തിന്റെ അലൈപായുതേ, കാട്രുവെളിയിടെ തുടങ്ങിയവയാണ് ശ്രദ്ധേയ തമിഴ്ചിത്രങ്ങള്‍. മാമനിതന്‍, ഒരുത്തി, പാരിസ് പയ്യന്‍സ്, ഡയറി മില്‍ക്ക്, പെറ്റമ്മ, ലാസറിന്റെ ലോകം തുടങ്ങിയ ചിത്രങ്ങളിലാണ് ഒടുവില്‍ വേഷമിട്ടത്.

സി.പി.എമ്മിനോട് ചേര്‍ന്നായിരുന്നു ലളിതയുടെ രാഷ്ട്രീയ ജീവിതം. കേരള സംഗീത നാടക അക്കാദമിയുടെ നിലവിലെ അധ്യക്ഷയാണ്.

സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍, ശ്രീക്കുട്ടി എന്നിവരാണ് മക്കള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top