ദുബായ്: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ആഗോള കത്തോലിക്കാ സഭാധ്യക്ഷന് ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ യുഎഇ തലസ്ഥാനമായ അബുദാബിയില്‍ എത്തും. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് ഒന്നിന് റോമില്‍നിന്ന് പുറപ്പെട്ട് രാത്രി പത്തിന് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ എത്തുന്ന മാര്‍പാപ്പയ്ക്ക് ഔദ്യോഗിക വരവേല്പ് നല്‍കും. അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരമാണു സന്ദര്‍ശനം.
ഈജിപ്തിലെ അല്‍ അസ്ഹര്‍ മസ്ജിദ് ഇമാം ഡോ.അഹ്മദ് അല്‍ തയ്യിബുമായി കൂടിക്കാഴ്ച നടത്തുന്ന മാര്‍പാപ്പയ്ക്ക് നാലിന് ഉച്ചയ്ക്കു 12നു പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചിനു ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ സന്ദര്‍ശനം. ശേഷം മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. ആറിനു മാനവ സാഹോദര്യ സംഗമത്തില്‍ പങ്കെടുക്കും. 5നു രാവിലെ 9നു സെന്റ് ജോസഫ്സ് കത്തീഡ്രല്‍ സന്ദര്‍ശിക്കും. 10.30നു സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ കുര്‍ബാന അര്‍പ്പിക്കും. 1.35 ലക്ഷം വിശ്വാസികള്‍ പങ്കെടുക്കും.
അതേസമയം മാര്‍പാപ്പയെ വരവേല്‍ക്കാനും സഹകാര്‍മ്മികനായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനും രണ്ട് മലയാളി വൈദികര്‍ക്ക് അവസരം ലഭിച്ചു. വൈദികരായ തൊടുപുഴ സ്വദേശി ഫാ. ജോണ്സണ് കടകന്‍മാക്കല്‍, ആലപ്പുഴ കുട്ടനാട് സ്വദേശി ഫാ. ജോബി കരിക്കന്‍പള്ളി എന്നിവരര്ക്കാണ് അതിനുള്ള ഭാഗ്യം കൈവന്നത്.
സെന്റ് ജോസഫ്സ് കത്തീഡ്രലിലെത്തുന്ന മാര്‍പാപ്പയെ സ്വീകരിക്കുന്ന മൂന്നംഗ സംഘത്തിലെ ഏക മലയാളി വൈദികനാണ് ഫാ. ജോണ്സണ്. ബിഷപ് പോള്‍ ഹിന്‍ഡറും ഫിലിപ്പീന്‍സില്‍നിന്നുള്ള വികാരി ജനറല്‍ ഫാ. ട്രോയുമാണ് സംഘത്തിലെ മറ്റു രണ്ടു പേര്. സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ മാര്‍പാപ്പയോടൊപ്പം കുര്‍ബാന അര്‍പ്പിക്കാനുള്ള അവസരമാണ് ഫാ. ജോബി കരിക്കന്‍പള്ളിക്ക് ലഭിച്ചത്. മാര്‍പാപ്പയെ നേരില്‍ കാണാനും ഒപ്പം കുര്‍ബാന അര്‍പ്പിക്കാനും സാധിക്കുന്നത് സ്വപ്നതുല്യമാണെന്ന് ഫാ. ജോബി കരിക്കന്‍പള്ളി പറഞ്ഞു.