ബംഗളുരു: ലഹരിമരുന്നുകളുമായി സീരിയല്‍ നടിയും കൂട്ടാളികളും ബംഗളൂരുവില്‍ പിടിയിലായി. ടെലിവിഷന്‍ സീരിയല്‍ നടി ഡി.അനിഖയും കൂട്ടാളികളായ എം.അനൂപ്, ആര്.രവീന്ദ്രന് എന്നിവരുമാണ് കഴിഞ്ഞദിവസം നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ (എന്‍സിബി) വലയിലായത്. നിരവധി വിഐപികളും സിനിമാ പ്രവര്‍ത്തകരും ഇവരുടെ ലഹരിക്കണ്ണിയില്‍ ഉണ്ടെന്നാണു പുറത്തുവരുന്ന വിവരം. അനിഖയ്ക്കൊപ്പം പിടിയിലായ രവീന്ദ്രനും അനൂപും മലയാളികളാണെന്നാണ് അറിയുന്നത്.
കര്‍ണാടകയിലെ പ്രമുഖ സംഗീതജ്ഞര്‍ക്കും മുന്‍നിര അഭിനേതാക്കള്‍ക്കും ഈ സംഘം ലഹരിമരുന്ന് വിതരണം ചെയ്തതായും സംസ്ഥാനത്തെ വിഐപികളുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണെന്നും എന്‍സിബി ഡപ്യൂട്ടി ഡയറക്ടര്‍ കെ.പി.എസ്.മല്‍ഹോത്ര പറഞ്ഞു.
എക്സ്റ്റസി (പരമാനന്ദം) എന്നറിയപ്പെടുന്ന 145 എംഡിഎംഎ ഗുളികകളാണു കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട്സ് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റില്‍നിന്ന് ആദ്യം പിടിച്ചെടുത്തത്. 96 എംഡിഎംഎ ഗുളികകളും 180 എല്‍എസ്ഡി ബ്ലോട്ടുകളും ബെംഗളൂരുവിലെ നിക്കു ഹോംസില്‍നിന്നും കണ്ടുകെട്ടി. ദൊഡാഗുബ്ബിയിലുള്ള അനിഖയുടെ വീട്ടില്‍നിന്നു 270 എംഡിഎംഎ ഗുളികകളും പിടിച്ചെടുത്തു.
ഒരു എക്സ്റ്റസി ഗുളികയ്ക്ക് 1500 മുതല്‍ 2500 രൂപ വരെയാണു വില. പാര്‍ട്ടി പുരോഗമിക്കുന്നതിന് അനുസരിച്ചു മരുന്നിന്റെ വില കൂടാം. ആവശ്യക്കാര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്താണു ലഹരിമരുന്നു സ്വന്തമാക്കിയിരുന്നത്.