കരിപ്പൂർ: കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നെടിയിരിപ്പിൽ നിന്നുള്ള ആറു പേർക്കും കൊണ്ടോട്ടിയിൽ നിന്നുള്ള നാല് പേർക്കുമാണ് രോഗം ബാധിച്ചത്. ഇവർ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. മൂന്ന് പേർക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.
നേരത്തെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മലപ്പുറം ജില്ലാ കളക്ടർ, മലപ്പുറം ജില്ലാ പോലീസ് മേധാവി, പാലക്കാട് ജില്ലാ പോലീസ് മേധാവി, രണ്ട് അഗ്നിശമനാ സേനാംഗങ്ങൾ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
യാത്രക്കാരന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായ 150 ഓളം പേരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകിയിരുന്നു.