ന്യൂഡല്‍ഹി: വായ്പാത്തട്ടിപ്പു നടത്തിയ നീരവ് മോദിയുടെ ശേഖരത്തിലെ 55 പെയിന്റിങ്ങുകള്‍ ലേലത്തില്‍ വിറ്റഴിച്ചു. 54.84 കോടിരൂപയ്ക്കാണ് രാജാ രവിവര്മയുടെത് ഉള്‍പ്പെടെയുള്ള പെയിന്റിങ്ങുകള്‍ വിറ്റുപോയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആദായനികുതി വകുപ്പിന് വേണ്ടി ലേലം സംഘടിപ്പിച്ചത്.
14 കോടി രൂപയ്ക്കാണ് രവിവര്‍മ്മ ചിത്രം വിറ്റത്. പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ടു കോടി രൂപ അധികമായി ലഭിച്ചു. ബാക്കിംഗ്ഹാമിലെ മൂന്നാമത്തെ ആര്‍ച്ച് ഡ്യൂക്കിനെ തിരുവിതാംകൂര്‍ രാജാവ് സ്വാഗതം ചെയ്യുന്ന ചിത്രമായിരുന്നു മോദിയുടെ ശേഖരത്തിലുണ്ടായിരുന്നത്. 1881 ലാണ് രാജാ രവിവര്‍മ്മ ഈ ചിത്രം വരച്ചത്.
രണ്ടാം ഘട്ട ലേലത്തില്‍ ജോഗന് ചൗധരിയുടെ പെയിന്റിംഗ് 46 ലക്ഷത്തിനും വി.എസ് ഗെയ്ത്തോഡ് വരച്ച ചിത്രം 22 കോടിക്കുമാണ് ലേലത്തില്‍ പോയത്. കഴിഞ്ഞയാഴ്ചയാണ് മുംബൈയിലെ പ്രത്യേക കോടതി പെയിന്റിങ്ങുകള്‍ ലേലം ചെയ്യാന്‍ ആദായ നികുതി വകുപ്പിന് അനുമതി നല്‍കിയത്.