Breaking News

മിനിമം വരുമാനം വാഗ്ദാനം ചെയ്ത് രാഹുല്‍ഗാന്ധി; പ്രതിമാസം 6000 മുതല്‍ 12000 രൂപ വരെ വരുമാനം


ന്യൂഡല്‍ഹി: മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി വാഗ്ദാനം ചെയ്ത് രാഹുല്‍ഗാന്ധി. അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക്പ്രതിമാസം 6000 മുതല്‍ 12,000 രൂപ വരെ വരുമാനം കിട്ടുന്ന പദ്ധതി നടപ്പാക്കും. രാജ്യത്തെ പാവപ്പെട്ട ഇരുപത് ശതമാനം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ തുക എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പ് കാര്യ സമിതി യോഗത്തിന് ശേഷമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.എന്നാല്‍ ഇതേക്കുറിച്ച് അല്ലാതെ മറ്റൊന്നിനെക്കുറിച്ചും താന്‍ പ്രതികരിക്കില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

5 കോടി കുടുംബങ്ങളിലായി 25 കോടി പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് താന്‍ പ്രഖ്യാപിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഇതെങ്ങനെ സാധ്യമാകുമെന്ന് എല്ലാവര്‍ക്കും സന്ദേഹമുണ്ടാകും. എന്നാല്‍ ഓരോ ദിവസവും കോടിക്കണക്കിന് രൂപയാണ് ഓരോരുത്തരില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുക്കുന്നതെന്ന് നിങ്ങള്‍ മനസിലാക്കണം. എല്ലാവരുടെയും ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓരോ മാസവും പരമാവധി 12000 രൂപ എല്ലാവര്‍ക്കും വരുമാനം സര്‍ക്കാര്‍ ഉറപ്പാക്കും. ഇതില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. പ്രതിവര്‍ഷം 72000 രൂപ വരെ ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. പാവപ്പെട്ട 20 ശതമാനം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പതിയെ ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യം. നരേന്ദ്ര മോദി ചിന്തിക്കുന്നത് പോലെ ദരിദ്രര്‍ക്കും പണക്കാര്‍ക്കും വേണ്ടി രണ്ട് ഇന്ത്യയെയല്ല കോണ്‍ഗ്രസ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. മറിച്ച് എല്ലാവര്‍ക്കും ഇടമുള്ള ഇന്ത്യയാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ രാഹുല്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ ലോകോത്തര സാമ്പത്തിക വിദഗ്ദ്ധരുമായി കോണ്‍ഗ്രസ് ആശയവിനിമയം നടത്തിയിട്ടുണ്ട്. എങ്ങനെ നടപ്പിലാക്കുമെന്ന് ഓര്‍ത്ത് ആരും വിഷമിക്കേണ്ട. നടപ്പിലാക്കാന്‍ പറ്റാത്ത വാഗ്ദ്ധാനങ്ങള്‍ ഒന്നും ഞങ്ങള്‍ നല്‍കില്ല. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഇക്കാര്യം കോണ്‍ഗ്രസ് തെളിയിച്ചതാണ്. മറ്റ് കാര്യങ്ങളില്‍ പ്രതികരിക്കില്ല. നാളെയും മറ്റന്നാളും വിളിക്കുന്ന വാര്‍ത്താ സമ്മേളനങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും. മോദിയെപ്പോലെ വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ആളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top