ഇറ്റാനഗര്‍: പ്രധാനമന്ത്രിയുടെ ‘ചൗക്കിദാര്‍’ ക്യാംപെയിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘താങ്കള്‍ (മോദി) തന്നെ എല്ലാം മോഷ്ടിക്കുമ്പോള്‍ എന്തിനാണ് ബിജെപിയുടെ നേതാക്കളെ കാവല്‍ക്കാരായി മാറ്റിയിരിക്കുന്നത് എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇറ്റാനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കവെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമാണ് ട്വിറ്ററില്‍ ചൗക്കിദാര്‍ ക്യാംപെയിന് ആരംഭിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് തുടങ്ങി എല്ലാ നേതാക്കളും പേരിനൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ത്തതോടെ ഇത് തരംഗമായി. 20ലക്ഷത്തിലധികം പേരാണ് ക്യാംപെയിനിന്റെ ഭാഗമായത്. സംഭവം വന്‍വിജയമായതോടെ ക്യാംപെയിന്റെ ഭാഗമായി പുറത്തിറക്കിയ ഗാനം മൊബൈലില്‍ കോളര്‍ ട്യൂണായി സെറ്റ് ചെയ്യാനുള്ള സൗകര്യവും ബി.ജെ.പി ഒരുക്കിയിട്ടുണ്ട്.
രാഹുലിന്റെ വിമര്‍ശനത്തിന് പ്രതികരണവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. ജാമ്യത്തിലുള്ളവരും എന്തെങ്കിലും കാര്യമായി ഒളിക്കാനുളളവരുമാണ് ചൗക്കിദാര്‍ ക്യാംപെയിനെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. റഫേല്‍ കരാര്‍ ചൂണ്ടിക്കാട്ടിയാണ് കാവല്ക്കാരന് തന്നെ കള്ളനായാല്‍ രാജ്യം എങ്ങനെ പുരോഗമിക്കുമെന്ന് മുമ്പൊരിക്കല്‍ രാഹുല്‍ ഗാന്ധി ചോദിച്ചത്.