Sports

ട്വൻറി 20 ക്രിക്കറ്റ്:കേരളം പുറത്ത്

സെയ്ദ് മുഷ്തഖലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തോല്‍വി. നിര്‍ണായക മത്സരത്തില്‍ ജാര്‍ഖണ്ഡിനോട് അഞ്ച് വിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്. കേരളം ഉയര്‍ത്തിയ 176 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ അവസാന ഓവറിലാണ് ജാര്‍ഖണ്ഡ് മറികടന്നത്. അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ആനന്ദ് സിങും സൗരഭ് തിവാരിയുമാണ് എതിരാളികളെ വിജയത്തിലേയ്ക്ക് നയിച്ചത്.

ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഭേദപ്പെട്ട തുടക്കവും കേരളത്തിന് ലഭിച്ചതോടെ മികച്ച സ്‌കോറിലെത്തി. 36 റണ്‍സ് നേടിയ നായകന്‍ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. 34 റണ്‍സ് നേടിയ രോഹനും 31 റണ്‍സുമായി വിനൂപും നായകന് മികച്ച പിന്തുണ നല്‍കി. ഇതോടെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 176 റണ്‍സിലെത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ 20 റണ്‍സില്‍ ഇഷാനെ നഷ്ടമായ ജാര്‍ഖണ്ഡ് തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് ശക്തമായി തിരിച്ചടിയ്ക്കുകയായിരുന്നു. 46 റണ്‍സ് നേടി ടീം സ്‌കോര്‍ 91 ല്‍ നില്‍ക്കെ വിരാട് സിങ് മടങ്ങിയെങ്കിലും ആനന്ദ് അര്‍ധസെഞ്ചുറി തികച്ചു. പിന്നാലെ എത്തിയ സൗരഭും തകര്‍ത്തടിച്ചതോടെ ജര്‍ഖണ്ഡ് വിജയിത്തിലെത്തുകയായിരുന്നു. 47 പന്തില്‍ നിന്ന് 72 റണ്‍സാണ് ആനന്ദിന്റെ സമ്പാദ്യം. 24 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും പായിച്ച് 50 റണ്‍സ് നേടിയ സൗരഭ് പുറത്താകാതെ നിന്നു.

തോല്‍വിയോടെ കേരളം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ജര്‍ഖണ്ഡ് സൂപ്പര്‍ ലീഗിന് യോഗ്യത നേടുകയും ചെയ്തു. ഗ്രൂപ്പില്‍ കേരളത്തിനും ജാര്‍ഖണ്ഡിനും ഡല്‍ഹിക്കും 16 പോയിന്റ് വീതമായിരുന്നു. കേരളത്തെ പരാജയപ്പെടുത്തി ജാര്‍ഖണ്ഡും നാഗാലാന്‍ഡിനെ പരാജയപ്പെടുത്തി ഡല്‍ഹിയുമാണ് യോഗ്യത ഉറപ്പിച്ചത്. അഞ്ച് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top